‘ലഹരിയുടെ ചതിക്കുഴികൾ പ്രവർത്തന അജണ്ടയായി മാറണം’
text_fields‘ഗൾഫ് മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ച ‘ലഹരിച്ചുഴിയിൽ കുരുങ്ങരുത് സ്വപ്നങ്ങൾ’ എന്ന പരമ്പര സമൂഹത്തെ കാർന്നുതിന്നുന്ന മാരകമായൊരു രോഗത്തിന്റെ തീവ്രത എത്രത്തോളമെന്നു മനസ്സിലാക്കുന്നതാണ്.
പ്രവാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ലഹരിക്കെണികളുടെ ഭയാനകത വിവരിക്കുന്ന യാത്രയെന്ന് അതിനെ വിശേഷിപ്പിക്കാം. ഇത്തരത്തിലുള്ള സാമൂഹിക നന്മ കാംക്ഷിക്കുന്ന പ്രവർത്തനങ്ങൾ സാധിക്കാവുന്ന മേഖലകളിൽ നിന്നെല്ലാം ഉണ്ടായാൽ ഒരു പരിധിവരെ ലഹരിയെന്ന ആഗോള വിപത്തിനെ പ്രതിരോധിക്കാം.
ജീവിക്കാനും ജീവിപ്പിക്കാനുമുള്ള ഭൂരിപക്ഷമാളുകളുടെയും നെട്ടോട്ടത്തിൽ ചുരുക്കം ചിലരുടെ ആർത്തിയും പണമോഹവും എത്രയെത്ര നിരപരാധികളെയാണ് കാരാഗൃഹത്തിലെത്തിച്ചത്. സ്വജീവിതം മാത്രമല്ല ഒരു സമൂഹംതന്നെ നാശത്തിന്റെ പടുകുഴി താണ്ടുന്ന ലഹരിയെന്ന മഹാ വിപത്തിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത കർക്കശ നിയമനിലപാടും മതപരമായ ഉത്തരവാദിത്തവും കാരണമായിരിക്കാം ഇത്തരം കേസുകളിൽപെട്ട് പിടിക്കപ്പെടുന്നവരുടെ കണക്കിൽ ഗൾഫ് രാജ്യങ്ങളിൽനിന്നുമുള്ള വാർത്തകൾ കൂടുതലായി തോന്നുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജയിലിലുള്ള സഹോദരനെ തേടി വന്ന ഒരാളുമായി സംസാരിച്ചത് ഓർമയിലുണ്ട്. നാട്ടിൽ കായിക- പൊതുരംഗങ്ങളിൽ തിളങ്ങി നിന്നിരുന്ന പയ്യനായിരുന്നു. ഖത്തറിലെത്തി കുറച്ചുമാസങ്ങളായിട്ടെ ഉണ്ടായിരുന്നുള്ളൂ. ഇടക്കിടക്ക് ജോലിയുടെ ഭാഗമായി പല രാജ്യങ്ങളിലേക്ക് പോവാറുണ്ടായിരുന്നുവേത്ര. ബോംബെയിൽ നിന്നുള്ള ഒരു മടക്കയാത്രയിൽ വിമാനത്താവളത്തിൽ വെച്ച് പിടിക്കപ്പെട്ടു.
മാരക മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിനു വർഷങ്ങൾ ജയിൽവാസം. അയാൾ അറിഞ്ഞു ചെയ്തതല്ല, പിന്നെ ആര് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമുണ്ടായിട്ടില്ല. അറിഞ്ഞും അറിയാതെയും ചതിയിൽ പെട്ടും പെടുത്തിയും ലഹരി അരങ്ങു വാഴുകയാണ്. സ്വദേശത്തെയും വിദേശത്തെയും രാഷ്ട്രീയ മത സന്നദ്ധ സംഘടനകൾക്ക് ഈ വിഷയത്തിൽ ഒത്തിരി ചെയ്യാനുണ്ട്. ലഹരിയുടെ ചതിക്കുഴികൾ പ്രവർത്തന അജണ്ടയായി സംഘടനകൾ ഉൾപ്പെടുത്തണം. ലഹരി ഉപയോഗത്തിന്റെയും അതുമായി ബന്ധപ്പെട്ട ചതിക്കുഴികളുടെയും ഭവിഷ്യത്ത് എത്ര മാരകമാണെന്ന് ബോധ്യപ്പെടുത്തുന്ന നവകാല സമൂഹം എളുപ്പത്തിൽ ശ്രദ്ധിക്കുന്ന തരത്തിൽ ചെറുറീലുകളും, ട്രോളുകളും, സമൂഹ മാധ്യമ അഭിമുഖങ്ങളുമൊക്കെയായി പ്രചാരണങ്ങളുടെ നൂതന തലങ്ങൾ കണ്ടെത്തി സമൂഹത്തെ ബോധവത്കരിക്കണം. ലഹരി നിർമാർജന പ്രവർത്തനങ്ങളിൽ നിയമത്തോടപ്പംനിന്ന് സഹായിക്കണം.
നിമിഷ നേരത്തെ ശ്രദ്ധ ചിലപ്പോൾ ജീവിതകാലം മുഴുവനുള്ള രക്ഷയായി മാറിയേക്കാം. യാത്രയിൽ ആരായാലും തരുന്ന സാധനങ്ങൾ എന്തെന്ന് പരിശോധിക്കുക. അല്ലാത്ത പക്ഷം ‘നോ’ എന്ന് പറയാൻ പഠിക്കുക. ആഗ്രഹങ്ങൾ പരിമിതപ്പെടുത്തി ഉള്ളതുകൊണ്ട് തൃപ്തി കണ്ടെത്താനും സാധിക്കണം. അതിന് ധാർമിക മൂല്യങ്ങളിൽ അഭയം പ്രാപിക്കുകതന്നെ വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.