ദുബൈ എക്സ്പോ: ഖത്തർ പവിലിയനിൽ എട്ടുലക്ഷം സന്ദർശകർ
text_fieldsദോഹ: ലോകമെങ്ങുമുള്ള സഞ്ചാരികൾക്കിടയിലെ ആകർഷക കേന്ദ്രമായി മാറിയ ദുബൈ എക്സ്പോയിലെ ഖത്തർ പവിലിയനിലെ സന്ദർശകരുടെ എണ്ണം എട്ടു ലക്ഷം കടന്നു. ഒക്ടേബാർ ഒന്നു മുതൽ ആരംഭിച്ച ദുബൈ എക്സ്പോയിൽ ഖത്തറിന്‍റെ ചരിത്രവും വർത്തമാനവും വികസനവുമെല്ലാം വിവരിക്കുന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്ന പവിലിയൻ. രണ്ടു പ്രദർശന ഗാലറികളാണ് ഖത്തർ പവിലിയനിൽ ഒരുക്കിയത്. ദൃശ്യ, സംഗീതം പശ്ചാത്തലത്തിൽ ഖത്തറിന്‍റെ ചരിത്രവും വർത്തമാനവും, ഭാവിയുമെല്ലാം കാഴ്ചക്കാർക്ക് മുമ്പാകെ പരിചയപ്പെടുത്തുന്നതാണ് ഒന്ന്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ കൂടി സഹായത്തോടെ രാജ്യത്തിന്‍റെ സംസ്കാരവും, പ്രകൃതിഭംഗിയുമെല്ലാം സന്ദർശകർക്കു മുമ്പാകെ വിവരിക്കുന്നു. രണ്ട് ഗാലറികൾക്കുമിടയിലായി ' ബ്രിങ്കിങ് ദ വേൾഡ് ടുഗതർ' എന്ന പ്രമേയത്തിൽ ഈ വർഷം ഖത്തർ വേദിയാവുന്ന ലോകകപ്പിനായി ഒരുക്കിയ സ്റ്റേഡിയങ്ങളിലേക്ക് സന്ദർകരെ എത്തിക്കുന്നതാണ് മറ്റൊരു ആകർഷണീയത.
എക്സ്പോ തുടങ്ങിയ ശേഷം, ഇതുവരെയായി എട്ടു ലക്ഷം പേരെ വരവേൽക്കാൻ കഴിഞ്ഞതിൽ ഖത്തർ പവിലിയൻ ജനറൽ കമീഷണർ നാസർ ബിൻ മുഹമ്മദ് അൽ മുഹന്നദി സന്തോഷം പങ്കുവെച്ചു. 'ഖത്തർ; ഇനിയാണ് ഭാവി' എന്ന പ്രമേയത്തിൽ ആരംഭിച്ച പവിലിയനിൽ രാജ്യത്തിന്‍റെ പ്രബലമായ ചരിത്രവും വികസനവും കാഴ്ചപ്പാടുമെല്ലാം പ്രദർശിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ പവിലിനയിലെ സന്ദർശകരുടെ എണ്ണം അഞ്ചു ലക്ഷം തികച്ചിരുന്നു. അഞ്ചു ലക്ഷം നമ്പർ പൂർത്തിയാക്കിയ സന്ദർശകന് ദോഹയിലേക്ക് രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റ് സമ്മാനിച്ചാണ് പവിലിയൻ ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.