അമീർ കപ്പടിച്ച് ദുഹൈൽ
text_fieldsദോഹ: 30,000ത്തോളം പേർ തിങ്ങിനിറഞ്ഞ ഗാലറിയും രാഷ്ട്ര നായകൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്‍റിനോയും സാക്ഷിയായ കളിമുറ്റത്ത് നിന്നും 50ാമത് അമീർ കപ്പിൽ ദുഹൈൽ എഫ്.സിയുടെ മുത്തം.
ആവേശകരമായ ഫൈനലിൽ ആദ്യ മിനിറ്റ് മുതൽ കളിയുടെ മേധാവിത്വം സ്വന്തമാക്കി ദുഹൈൽ എഫ്.സി തുടർച്ചയായ ഗോളുകളിലുടെ ഗറാഫയുടെ കിരീടസ്വപ്നങ്ങൾക്ക് ബ്രേക്കിട്ടു. തീർത്തും ഏകപക്ഷീയമായ അങ്കത്തിൽ 5-1നായിരുന്നു കിരീട വിജയം. ദുഹൈൽ എഫ്.സിയുടെ നാലാം അമീർ കപ്പ് വിജയം കൂടിയാണിത്.
ദുഹൈൽ ഷോ
കളിയുടെ അഞ്ചാം മിനിറ്റിൽ എഡ്മിൽസൺ ജൂനിയറിലൂടെയാണ് ദുഹൈലിന്‍റെ ഗോൾവേട്ടക്ക് തുടക്കമിടുന്നത്. ഓഫ്സൈഡെന്ന് തോന്നിയ ലോങ് ക്രോസിനെ മനോഹരമായി കാലിൽ കുരുക്കിയായിരുന്നു എഡ്മിൽസൺ ആദ്യ ഗോൾ കുറിച്ചത്. ആദ്യ ഗോളിന് സമാനമായി തന്നെ മറ്റൊരു ലോങ് ക്രോസ് 18ാം മിനിറ്റിൽ രണ്ടാം ഗോളായി പിറന്നു.
കണക്ട് ചെയ്ത് പന്തു വാങ്ങിയ മൈകൽ ഒലുങ്കയായിരുന്നു ഗറാഫ ഗോൾ കീപ്പറുടെ ഇടപടലിനും മുമ്പേ വലകുലുക്കിയത്. തുടക്കത്തിലേറ്റ ഇരട്ട പ്രഹരത്തിൽ വിറച്ച ഗറാഫ പിന്നീട് ഗോൾ വഴങ്ങാതെ ആദ്യ പകുതി പിടിച്ചു നിന്നു. ദേശീയ ടീം അംഗം ഹുമാം അഹദും അഹമ്മദ് അലാൽദിനുമൊന്നും ഇരു വിങ്ങുകളിലുടെയും ശ്രമിച്ചിട്ടും ആക്രമിച്ചു കയറിയ ദുഹൈലിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ആദ്യ പകുതി പിരിയുമ്പോൾ 2-0തന്നെയായിരുന്നു സ്കോർ.
രണ്ടാം പകുതിയിൽ ഖത്തറിന്‍റെ സൂപ്പർ താരം അൽ മുഈസ് അലിയിലുടെ ദുഹൈൽ ഗോളെണ്ണം വീണ്ടും കൂട്ടി. 52ാം മിനിറ്റിൽ എഡ്മിൽസണും ടോബി ആൽവീൽഡും നൽകിയ ടച്ചിൽ നിന്നും മുഈസ് അലി മനോഹരമായി വലകുലുക്കി ഗറാഫയുടെ പോരാട്ട വീര്യങ്ങളെല്ലാം തച്ചുടച്ചു. തൊട്ടടുത്ത മിനിറ്റിൽ ദുഹൈലിന്‍റെ പ്രതിരോധത്തിലെ വീഴ്ചക്കിടെ, കൂട്ടയാക്രമണത്തിൽ ഗറാഫ ആശ്വാസ ഗോൾ കുറിച്ചു. സുഫിയാൻ ഹനി നൽകി ബാക്ഹീൽ പാസിൽ നിന്നും അഹമദ് അലാൽദിനായിരുന്നു സ്കോർ. പക്ഷേ, പിന്നെയും ദുഹൈൽ ഗോളടി തുടർന്നു.
58ാം മിനിറ്റിൽ എഡ്മിൽസൺ ബോക്സിനുള്ളിൽ നിന്നും നൽകിയ പാസിൽ ഫെർജാനി സാസി നാലാമത്തെ ഗോൾ കുറിച്ചു. 85ാം മിനിറ്റിൽ അതിവേഗ റണ്ണപ്പിലൂടെ പന്ത് വലയിലാക്കി അബ്ദുൽറഹ്മാൻ ഫഹ്മി പട്ടിക തികച്ച് തങ്ങളുടെ കിരീടം ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.