പെരുന്നാൾ അവധിക്കാലത്ത് യാത്രചെയ്തത് 7.30 ലക്ഷം
text_fieldsദോഹ: പെരുന്നാൾ അവധി ദിനത്തിൽ ഖത്തർ റെയിൽ കമ്പനിയുടെ കീഴിലെ ദോഹ മെട്രോ, ലുസൈ ട്രാം സർവിസുകൾ ഉപയോഗപ്പെടുത്തിയത് റെക്കോഡ് യാത്രക്കാർ. മേയ് രണ്ട് മുതൽ അഞ്ചു വരെയുള്ള കണക്ക് പ്രകാരം 7.35 ലക്ഷം യാത്രക്കാണ് ഇരു സർവിസും ഉപയോഗിച്ചത്. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കോർണിഷ് ഗതാഗതം അടച്ചിട്ട മൂന്നുദിനങ്ങളിൽ മാത്രം 5.40 ലക്ഷം പേർ യാത്ര ചെയ്തു. ഈദ് അവധി ദിനങ്ങളിൽ മെട്രോയിൽ 7.05 ലക്ഷം പേരാണ് യാത്രചെയ്തത്. ലുസൈൽ ട്രാമിൽ 30,000 പേരും യാത്ര ചെയ്തതായി ഖത്തർ റെയിൽ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
പൊതുജനങ്ങൾ കൂടുതലായും മെട്രോ സർവിസുകളെ ആശ്രയിച്ചതു കാരണം അന്തരീക്ഷ മലിനീകരണം കുറക്കാൻ കഴിഞ്ഞു. ദോഹയിലെ നിരത്തുകളിൽ 1.50 ലക്ഷത്തോളം വാഹനങ്ങൾ കുറഞ്ഞതായാണ് കണക്കാക്കുന്നത്. ഇതുപ്രകാരം കാർബൺ ബഹിർഗമനത്തിൽ 200 ടണ്ണെങ്കിലും കുറവുണ്ടായി.
ഈദ് ആഘോഷങ്ങളുടെ പ്രധാനവേദിയായ ദോഹ കോർണിഷിലെത്താനായി മൂന്നു ദിനങ്ങളിൽ സമീപത്തെ മെട്രോ സ്റ്റേഷനുകൾ വഴി നാലു ലക്ഷം പേരെങ്കിലും കടന്നുപോയി. നാഷനൽ മ്യൂസിയം, സൂഖ് വാഖിഫ്, മിഷൈരിബ്, അൽ ബിദ, കോർണിഷ്, വെസ്റ്റ്ബേ, ഖത്തർ എനർജി, ഡി.ഇ.സി.സി എന്നിവയാണ് യാത്രക്കാർ കൂടുതലായും ഉപയോഗപ്പെടുത്തിയത്.
പെരുന്നാളിന്റെ രണ്ടാം ദിനമായ മേയ് മൂന്നിനാണ് ഏറ്റവും കൂടുതൽ പേർ മെട്രോ ഉപയോഗിച്ചത്. 37 സ്റ്റേഷൻ നെറ്റ്വർക്കിലായി ഈ ദിനത്തിൽ 2.50 ലക്ഷം പേർ യാത്രചെയ്തു. കോർണിഷിനോട് ചേർന്ന ഏഴ് സ്റ്റേഷനുകളിൽ മാത്രം 1.90 ലക്ഷം പേരും സഞ്ചരിച്ചു.
അതേസമയം, ദോഹ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരുടെ റെക്കോഡിൽ മാറ്റമില്ല. 2019 ദേശീയ ദിനാഘോഷത്തിൽ സഞ്ചരിച്ച 3.30 ലക്ഷം ആണ് ഇപ്പോഴും പ്രതിദിന യാത്രയിൽ മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.