ഖത്തർ നിരത്ത് കീഴടക്കി ഇ-ബസുകൾ
text_fieldsദോഹ: ഈ വർഷം മൂന്നാം പാദം പൂർത്തിയാവുന്നതോടെ ഖത്തറിന്റെ പൊതുഗതാഗത ബസുകളിൽ 70 ശതമാനവും ഇലക്ട്രിക് ബസുകളിലേക്ക് മാറിക്കഴിഞ്ഞതായി ഖത്തർ ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി അറിയിച്ചു. ഇ-ബസ് മേഖലയിലെ വളർച്ചയിൽ ലോകത്തെ വികസിത രാജ്യങ്ങളുടെ നേട്ടത്തിനൊപ്പം ഖത്തർ എത്തുകയാണ്. നിലവിൽ പൊതു ഗതാഗതത്തിനുള്ള ഇ-ബസുകളിൽ 70 ശതമാനവും വൈദ്യുതീകരിക്കപ്പെട്ടു. ഈ മേഖലയിൽ ശക്തമായി കുതിക്കുന്ന ഖത്തർ 2030ഓടെയോ അതിന് മുമ്പായോ നൂറുശതമാനത്തിലെത്തും -അൽ സുലൈതി കൂട്ടിച്ചേർത്തു.
ഖത്തർ ഗതാഗത മന്ത്രാലയം സംഘടിപ്പിക്കുന്ന ‘സുസ്ഥിര ഗതാഗതവും പാരമ്പര്യവും’ എന്ന തലക്കെട്ടിൽ ഡി.ഇ.സി.സിയിൽ നടന്ന ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പരിസ്ഥിതി സൗഹൃദ, വൈദ്യുതീകൃത ഗതാഗത മേഖലയിലെ ഖത്തറിന്റെ കുതിപ്പിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി, ഖത്തറിൽ സെൽഫ് ഡ്രൈവിങ് (ഡ്രൈവറില്ലാ വാഹനങ്ങൾ) ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും നിയന്ത്രിക്കുന്നതിനായുള്ള സെൽഫ് ഡ്രൈവിങ് വെഹിക്കിൾ സ്ട്രാറ്റജി ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി ചടങ്ങിൽ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷസേന (ലഖ്വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സഊദ് ആൽഥാനി, മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽസുബൈഈ, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഈ തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുത്തു.ഖത്തറിലെ സുസ്ഥിര ഗതാഗത സംവിധാനം ഗതാഗത മേഖലയുടെ ലോക ഭൂപടത്തിൽ ഖത്തറിന്റെ സ്ഥാനം ഉന്നത നിലയിലെത്തിക്കുകയും പ്രധാന പരിപാടികൾ കൂടുതൽ വിജയകരമാക്കാൻ പ്രാപ്തമാക്കുകയും ചെയ്തതായി ഉദ്ഘാടന സംസാരത്തിനിടെ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു.
വൈദ്യുതി വാഹനങ്ങളുടെ മാനദണ്ഡങ്ങളും സവിശേഷതകളും ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, വൈദ്യുതി വാഹനങ്ങളുടെ സവിശേഷതകൾ പരിശോധിക്കുന്നതിനും ആവശ്യമായ അംഗീകാര സാക്ഷ്യപത്രങ്ങൾ നൽകുന്നതിനുമായി ഒരു കേന്ദ്രം സ്ഥാപിക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.ഹമദ് തുറമുഖത്ത് സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യകളും തുറമുഖത്തെ ട്രാൻസ്ഷിപ്പിങ്ങിനുള്ള പ്രാദേശിക ഹബ് തുറമുഖമാക്കി മാറ്റാൻ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഹ തുറമുഖത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ വലിയ ക്രൂയിസ് കപ്പൽ യാത്രകളിലൂടെ രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിൽ നിർണായകമായെന്നും അദ്ദേഹം സൂചിപ്പിച്ചു.
റുവൈസ് തുറമുഖത്തിന്റെ വികസന പദ്ധതിയുടെ മൂന്നാംഘട്ടം പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അൽ സുലൈതി പറഞ്ഞു.ക്യുടെർമിനലുകൾ വഴി സമുദ്രഗതാഗത മേഖല അതിന്റെ വിദേശനിക്ഷേപം ശക്തിപ്പെടുത്തുന്നത് തുടരും. അത്യാധുനിക സംവിധാനങ്ങളോടെ വ്യോമഗതാഗത മേഖല വികസിപ്പിക്കാനുള്ള ശ്രമഫലങ്ങൾ 2022 ലോകകപ്പോടെ വ്യക്തമായി. ടൂർണമെന്റ് കാലയളവിൽ ഹമദ്, ദോഹ വിമാനത്താവളങ്ങളിലായി 26,500ലധികം വിമാനങ്ങളാണ് യാത്ര ചെയ്തത്.
രണ്ട് എസ് ബാൻഡ് റഡാറുകളും ദീർഘദൂര എൽ ബാൻഡ് റഡാറുകളും പ്രവർത്തനമാരംഭിച്ചു. ഖത്തറിന്റെ ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയന്റെ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന ഇത് എയർസ്പേസ് മാനേജ്മെന്റിലെ പ്രധാന നാഴികക്കല്ലുകളാണ്.ലോകരാജ്യങ്ങളുമായി ഒപ്പുവെച്ച വ്യോമഗതാഗത കരാറുകൾ 175 ആയി വർധിച്ചു.
ഇതിലൂടെ ആഗോള ലക്ഷ്യസ്ഥാനങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിനുള്ള വലിയ അവസരങ്ങളിലേക്ക് വിമാനക്കമ്പനികൾക്ക് പ്രവേശനം നൽകും -മന്ത്രി പറഞ്ഞു.ദ്വിദിന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനത്തിൽ പുതിയ സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകളും നൂതന ഗതാഗത ആശയങ്ങളും പ്രദർശിപ്പിച്ചു. പ്രദർശനത്തിൽ പങ്കെടുത്ത ചില സ്ഥാപനങ്ങൾ നിരവധി കരാറുകളിൽ ഒപ്പുവെക്കുന്ന ചടങ്ങുകൾക്കും മന്ത്രി സാക്ഷ്യം വഹിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.