ഇ-പേമെൻറില്ലെങ്കിൽ പണികിട്ടും
text_fieldsദോഹ: ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേമെൻറ് സൗകര്യം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ. അധിക ചാർജില്ലാതെതന്നെ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേമെൻറ് പൂർത്തിയാക്കാൻ സാധിക്കുന്ന സേവനങ്ങൾ നിർബന്ധമായും ഒരുക്കണമെന്നും ഇതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ താൽക്കാലിക അടച്ചിടൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.
ഇ- പേമെൻറിന് ഉപഭോക്താവിൽനിന്ന് കൂടുതൽ സേവന ചാർജ് ഈടാക്കാൻ പാടില്ലെന്നും മന്ത്രാലയം കൊമേഴ്സ്യൽ രജിസ്ട്രേഷൻ ആൻഡ് ലൈസൻസിങ് വിഭാഗം ഇൻസ്പെക്ഷൻ സെക്ഷൻ ധേമാവി സൈഫ് അൽ അത്ബ പറഞ്ഞു. ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അവശ്യ സേവനം എന്ന നിലയിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 14 ദിവസംവരെ അടച്ചിടൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
കറൻസിക്കു പകരം ഡിജിറ്റൽ പണമിടപാടിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ‘കുറഞ്ഞ കാശ്, കൂടുതൽ സുരക്ഷ’ എന്ന കാഴ്ചപ്പാടിലാണ് ഇ- പേമെൻറിനെ പ്രോത്സാഹിപ്പിക്കുന്നത്. ബാങ്ക് കാർഡ്, ബാങ്ക് പേയ്മെൻറ് വാലറ്റ്, ക്യൂആർ കോഡ് സ്കാനിങ് എന്നീ മൂന്നിൽ ഒരു സൗകര്യമെങ്കിലും എല്ലാ സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തണമെന്നാണ് നിർദേശം.
2022ലെ വാണിജ്യമന്ത്രാലയം നിയമഭേദഗതി പ്രകാരം, വാണിജ്യ, വ്യവസായ, പൊതു ഔട്ട്ലെറ്റുകളിലെല്ലാം ഇ-പേമെൻറ് സൗകര്യം ഒരുക്കണമെന്നാണ് നിയമം. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, ഇൻറർനെറ്റ് ബാങ്കിങ്, മൊബൈൽ വാലറ്റ്, ഡിജിറ്റൽ പേമെൻറ് ആപ്, ബാങ്ക് പ്രീപെയ്ഡ് കാർഡ്, മൊബൈൽ ബാങ്കിങ് തുടങ്ങിയവും ഇതിന്റെ ഭാഗമാണ്.
പണം ഉപയോഗിച്ചുള്ള ഇടപാട് പൂർത്തിയാക്കുക എന്നത് സമയമേറിയ പ്രവർത്തനം ആയതിനാൽ, ഉപഭോക്താക്കൾക്കും സ്ഥാപന അധികൃതർക്കും ഇ- പേമെൻറ് സൗകര്യം എളുപ്പമാണ്. ബാങ്കുകളിൽനിന്ന് പണം പിൻവലിക്കാനും സൂക്ഷിക്കാനും അത് ഷോപ്പിങ് വേളയിൽ കൈമാറാനുമായുള്ള ദൈർഘ്യമേറിയ പ്രക്രിയ ഇ- പേമെൻറ് വഴി എളുപ്പത്തിൽ പരിഹരിക്കപ്പെടും. രാജ്യത്തെ പി.ഒ.എസ് ഇടപാടുകളുടെ സ്വീകാര്യത വർധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഖത്തർ സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പി.ഒ.എസ് വഴിയുള്ള ഇടപാടുകളുടെ മൂല്യത്തിൽ പ്രതിവർഷം 18.4 ശതമാനം വർധനവും മാസാടിസ്ഥാനത്തിൽ 43.5 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.