ഇ-മാലിന്യം, ഇവിടെ മാലിന്യമല്ല
text_fieldsദോഹ: ഇലക്ട്രോണിക് മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള അൽ വക്റ മുനിസിപ്പാലിറ്റിയുടെ സംരംഭത്തിലൂടെ 800 ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിന് പ്രാപ്തമാക്കിയതായി മുനിസിപ്പാലിറ്റി ഡയറക്ടർ എൻജി. മുഹമ്മദ് ഹസൻ അൽ നുഐമി അറിയിച്ചു.
മാലിന്യ പുനരുപയോഗ വ്യവസായത്തിന്റെ പദ്ധതികൾക്ക് മുനിസിപ്പാലിറ്റികൾ സഹായകമായ പങ്കുവഹിക്കണമെന്നും അൽ നുഐമി കൂട്ടിച്ചേർത്തു. പദ്ധതിക്കാവശ്യമായ ഭൂമി അനുവദിക്കുന്നതിലും സാങ്കേതികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതിലും മാലിന്യം സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ പ്രചരിപ്പിക്കുന്ന സംരംഭങ്ങൾ നടപ്പിലാക്കുന്നതിനെ പിന്തുണക്കുന്നതിലും മുനിസിപ്പാലിറ്റി പദ്ധതികൾ ആവിഷ്കരിച്ചതായി അദ്ദേഹം വിശദീകരിച്ചു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് സുരക്ഷിതമായ മാലിന്യ സംസ്കരണം സംബന്ധിച്ച് ബോധവത്കരണത്തിന്റെ പദ്ധതികളും ആവിഷ്കരിക്കും. ഗൾഫ് എൻജിനീയറിങ് ഫോറത്തിൽ ‘സുസ്ഥിര വികസനം കൈവരിക്കുന്നതിൽ മുനിസിപ്പാലിറ്റികളുടെ പങ്ക്’ എന്ന തലക്കെട്ടിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്രവും ദ്രുതഗതിയിലുള്ളതുമായ നഗര നവോത്ഥാനത്തിനാണ് ഖത്തർ സാക്ഷ്യം വഹിക്കുന്നതെന്നും മുനിസിപ്പാലിറ്റികൾ ഉൾപ്പെടെയുള്ള മേഖല നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ, സ്വകാര്യ മേഖലകളുമായി സഹകരിച്ച് സുസ്ഥിര വികസന രംഗത്ത് ഫീൽഡ്, റിസർച് സംരംഭങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അൽ വക്റ മുനിസിപ്പാലിറ്റി സുസ്ഥിര വികസന പദ്ധതികളുടെ യൂനിറ്റ് സ്ഥാപിച്ചതെന്നും അൽ നുഐമി കൂട്ടിച്ചേർത്തു.
മാലിന്യ സംസ്കരണത്തെക്കുറിച്ച് വിപുലമായ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്ന രീതിയാണ് അൽ വക്റ മുനിസിപ്പാലിറ്റി സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുന്നതിന് ശ്രമങ്ങൾ ഇരട്ടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മാലിന്യ സംസ്കരണ സംരംഭങ്ങൾ നടപ്പിലാക്കുന്നതിൽ സ്കൂൾ, സർവകലാശാല വിദ്യാർഥികളെ സംയോജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.