വിദ്യാഭ്യാസ മുന്നേറ്റത്തിന് സംയുക്ത പദ്ധതിയുമായി ഇ.എ.എയും എ.ഡി.ബിയും
text_fieldsദോഹ: ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കൈകോർത്ത് ഖത്തർ ഫൗണ്ടേഷനു കീഴിലെ എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷനും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും. കഴിഞ്ഞ ദിവസം സമാപിച്ച ദോഹ ഫോറത്തിൽ ഇതു സംബന്ധിച്ച കരാറിൽ ഇരു വിഭാഗവും ഒപ്പുവെച്ചു.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ 10 കോടി ഡോളറിന്റെയും എ.ഡി.ബിയിൽ നിന്നുള്ള 15 കോടി ഡോളറിന്റെയും സംയുക്ത നീക്കിയിരിപ്പിലൂടെയാണ് വിവിധ ഏഷ്യൻ രാജ്യങ്ങളിലായി വിദ്യാഭ്യാസ സാഹചര്യങ്ങൾ നിഷേധിക്കപ്പെട്ടവർക്കായി പുതിയ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇരു സംഘടനകളും സംയുക്തമായി 25 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഇ.എ.എ ആക്ടിങ് സി.ഇ.ഒ മുഹമ്മദ് സഅദ് അൽ കുബൈസിയും എ.ഡി.ബി വൈസ് പ്രസിഡന്റ് ഫാതിമ യാസ്മിനും അറിയിച്ചു. എ.ഡി.ബിക്കു കീഴിലെ എജുക്കേഷൻ പ്രോജക്ടിലൂടെയാണ് പ്രവർത്തനം.
‘എ.ഡി.ബിയുമായുള്ള പങ്കാളിത്തത്തിലൂടെ ഏറ്റവും അർഹരായ വിഭാഗങ്ങളിലേക്ക് വിദ്യാഭ്യാസവും നൈപുണ്യ വികസനവും എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് സഅദ് അൽ കുബൈസി വിശദീകരിച്ചു.
ദുർബലരായ സമൂഹങ്ങളെ മികച്ച വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുന്നതിന് എ.ഡി.ബിയുടെ വൈദഗ്ധ്യവും വിഭവങ്ങളും ഉപയോഗപ്പെടുത്താൻ ഈ കൂട്ടായ്മ അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയുടെ വിവിധ മേഖലകളിലെ വിദ്യാഭ്യാസ സംവിധാനങ്ങളിൽ കാര്യമായ ഇടപെടൽ നടത്താനും നൂതനമായ സംവിധാനങ്ങൾ ഒരുക്കാനും പുതിയ പങ്കാളിത്തം വഴിതുറക്കുമെന്ന് എ.ഡി.ബി സോഷ്യൽ സെക്ടർ ഡയറക്ടർ ശാന്തി ജഗന്നാഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.