ഏഴു ലക്ഷം കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനായി ഇ.എ.എ
text_fieldsദോഹ: യുദ്ധവും പ്രകൃതി ദുരന്തവും പട്ടിണിയും ഉൾപ്പെടെ ദുരിതങ്ങൾ കാരണം വിദ്യാഭ്യാസം അന്യമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും നൽകൽ ലക്ഷ്യമായി പ്രവർത്തിക്കുന്ന എജുക്കേഷൻ എബ്ൾ ഓൾ ഫൗണ്ടേഷൻ 53 ദശലക്ഷം ഡോളറിന്റെ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു.
709,000 കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതാണ് പദ്ധതി. ഖത്തർ ഡെവലപ്മെന്റ് ഫണ്ട് (ക്യു.എഫ്.എഫ്.ഡി), ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി), ആറിലധികം വരുന്ന മറ്റു പങ്കാളികൾ എന്നിവയുടെ പിന്തുണയോടെയാണ് വിവിധ രാജ്യങ്ങളിലായി പദ്ധതി നടപ്പാക്കുന്നത്.
ശുദ്ധജലം, വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷണം, ശരിയായ ശുചിത്വം എന്നിവയുടെ ആവശ്യകതകളും പദ്ധതികളിലൂടെ പരിഹരിക്കും. കൂടാതെ പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് പ്രത്യേക ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ബാലവേല, കൊഴിഞ്ഞുപോക്ക് തുടങ്ങിയ പ്രശ്നങ്ങളെ ചെറുക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ കാമ്പയിനിലൂടെ പഠിപ്പിക്കും. വിദ്യാർഥി രജിസ്ട്രേഷൻ, തിരക്കേറിയ ക്ലാസ് മുറികൾക്ക് പരിഹാരം കണ്ടെത്തൽ എന്നിവ പരിഹരിക്കാനും പ്രാദേശിക സമൂഹങ്ങളുമായും സ്വാധീനമുള്ള വ്യക്തികളുമായും സംവദിക്കാനും ശ്രമിക്കും.
ദോഹയിൽ സമാപിച്ച അവികസിത രാജ്യങ്ങളെക്കുറിച്ച യു.എൻ സമ്മേളനത്തിൽ (എൽ.ഡി.സി 5) ഖത്തർ ഡെവലപ്മെന്റ് ഫണ്ട്, സെനഗാൾ, ബംഗ്ലാദേശ്, ലൈബീരിയ, ബുർകിനഫാസോ എന്നിവരുമായി ഇ.എ.എ ധാരണപത്രങ്ങളിൽ ഒപ്പുവെച്ചിരുന്നു. ലിംഗസമത്വം, ഒൺലൈൻ സർവകലാശാലകൾ, യുവജന, കാലാവസ്ഥ പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പാനൽ ചർച്ചകളിലും ഇ.എ.എ പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് ഇ.എ.എയും യുനെസ്കോയും തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചു.
ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള ആഗോള നേതാക്കളും മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തിരുന്നു. സുരക്ഷിതത്വത്തിലും സംഘർഷങ്ങൾക്കിടയിലും വിദ്യാഭ്യാസത്തെ സംരക്ഷിക്കുകയെന്ന പരിപാടിക്കൊപ്പം സംഘടിപ്പിച്ച ലിംഗഭേദത്തെയും സമത്വത്തെയും സംബന്ധിച്ച ചർച്ചകളിൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ വിദ്യാഭ്യാസ മന്ത്രിമാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.