പഠനം ഉറപ്പാക്കാൻ ഒരു നടത്തം; വിദ്യാഭ്യാസ പദയാത്രയുമായി ഇ.എ.എ
text_fieldsദോഹ: ഇസ്ലാമിക് ആർട്ട് മ്യൂസിയവുമായി സഹകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികളെ പിന്തുണക്കാൻ വിദ്യാഭ്യാസ പദയാത്രയുമായി എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ).
‘കുട്ടികളെ പഠിപ്പിക്കാൻ സഹായിക്കുക’ എന്ന പ്രമേയത്തിൽ ഈ മാസം 24നാണ് വാക്ക് ഫോർ എജുക്കേഷൻ: സി.എസ്.ആർ ആൻഡ് സസ്റ്റൈനബിലിറ്റി ഫെയർ സംഘടിപ്പിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന ഇ.എ.എ പദ്ധതികളെ പിന്തുണക്കുന്നതിനുള്ള ഫണ്ട് സമാഹരണവും ബോധവത്കരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫുട്ബാൾ ടൂർണമെന്റുകൾ, സാംസ്കാരിക പ്രദർശനങ്ങൾ, അറബി കാലിഗ്രഫി, ഫൈൻ ആർട്സ് ശിൽപശാലകൾ തുടങ്ങിവയക്ക് പുറമെ കോർപറേറ്റ് പങ്കാളികളുടെ സഹകരണത്തോടെ മൂന്ന് പദയാത്രകളും മേളയോടനുബന്ധിച്ച് നടക്കും. സ്കൂൾ വിദ്യാർഥികളും സ്വകാര്യ കോർപറേഷൻ പ്രതിനിധികളുമുൾപ്പെടെ 10,000ലധികം ആളുകൾ മിയ പാർക്കിൽ നടക്കുന്ന വിദ്യാഭ്യാസ പദയാത്രയിലും മേളയിലുമായി പങ്കെടുക്കും.
‘ഒരു കല്ല് വാങ്ങി ഒരു സ്കൂൾ നിർമിക്കുക’ എന്ന കാമ്പയിനിലൂടെ വ്യക്തികൾക്ക് ഖത്തറിലെ നിരാലംബരായ കുട്ടികൾക്കായുള്ള സ്കൂൾ നിർമാണത്തിൽ പങ്കാളികളാകാവുന്നതാണ്. സ്വകാര്യ കമ്പനികൾക്കായി 5000 റിയാൽ മുതൽ 2,00,000 റിയാൽ വരെയുള്ള വിവിധ സ്പോൺസർഷിപ് പരിപാടികളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.