ഈ പാവകൾ ഓരോന്നും ഗസ്സയിലെ കുഞ്ഞുങ്ങളാണ്
text_fieldsദോഹ: ‘ഞാൻ വെറുമൊരു നമ്പർ അല്ല. വ്യക്തിത്വവും മാതൃരാജ്യവുമുള്ള ഒരു മനുഷ്യനാണ്. ഞാനൊരു ഫലസ്തീനിയാണ്. ഫ്രീ ഫലസ്തീൻ..’ -കുഞ്ഞുടുപ്പിൽ അറബിയിലും ഇംഗ്ലീഷിലുമായി ഇങ്ങനെ കുറിച്ചിട്ട 15,000 ടെഡി ബിയറുകൾ നിരന്നുനിൽക്കുന്നു. അവർ ഓരോരുത്തരും ഗസ്സയിൽ ജീവനറ്റുവീണ ഫലസ്തീനി കുരുന്നുകളാണ്.
അവരുടെ സ്വപ്നങ്ങളും വേദനകളും കുസൃതികളുമെല്ലാം മുശൈരിബ് ഡൗൺടൗണിലെ ബർഹാത് മുശൈരിബിൽ നിരന്നുനിൽക്കുന്ന ഈ കളിപ്പാട്ട കരടികളിലുണ്ട്.
ഒരു വർഷത്തിലേക്ക് നീങ്ങുന്ന ഇസ്രായേൽ നരനായാട്ടിൽ ജീവനറ്റുപോയ ഗസ്സക്ക് ഐക്യദാർഢ്യമായി ഒരു കലാകാരന്റെ പ്രദർശനത്തിനാണ് മുശൈരിബ് ഡൗൺ ടൗണിൽ തുടക്കമായത്. ‘എക്കോ ഓഫ് ലോസ്റ്റ് ഇന്നസൻസ്’ എന്ന പേരിൽ കഴിഞ്ഞ ദിവസം തുടക്കം കുറിച്ച വേറിട്ട കലാപ്രദർശനം സെപ്റ്റംബർ 26 വരെ നീളും. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ കലാകാരൻ ബഷീർ മുഹമ്മദ് ആണ് ഈ വേറിട്ട കലാപ്രദർശനം ഒരുക്കുന്നത്.
ഖത്തർ ചാരിറ്റിയുമായി ചേർന്ന് ഗസ്സക്കുള്ള ധനശേഖരണാർഥമാണ് ബഷീർ മുഹമ്മദ് 15,000ത്തോളം ടെഡി ബിയറുകളെ നിരത്തിവെച്ച് പ്രദർശനം നടത്തുന്നത്. ഓരോ കളിപ്പാട്ടക്കരടിയും വിറ്റുകിട്ടുന്ന തുക പൂർണമായി ഗസ്സയുടെ വീണ്ടെടുപ്പിനായുള്ള ദൗത്യത്തിലേക്ക് നീക്കിവെക്കുമെന്ന് ഇദ്ദേഹം പറയുന്നു.
സെപ്റ്റംബർ 26 വരെ വൈകുന്നേരം നാല് മുതൽ രാത്രി പത്തുവരെയാണ് പ്രദർശനം ഉണ്ടാവുക. കാഴ്ചക്കാർക്ക് ഗസ്സക്ക് ഐക്യദാർഢ്യമർപ്പിച്ച് ഇവ പണം നൽകി സ്വന്തമാക്കാം.
കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമായ ടെഡി ബിയറുകളെ തന്റെ കലാസൃഷ്ടിയാക്കാനും ബഷീറിന് കാരണമുണ്ട്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങി മൂന്നാം മാസമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ ആ ദൃശ്യം പതിഞ്ഞത്.
മാതാപിതാക്കൾ ഉൾപ്പെടെ തന്റെ കുടുംബത്തെ മുഴുവൻ നഷ്ടമായ കുഞ്ഞ് ഒരു ടെഡി ബിയർ കളിപ്പാട്ടം നെഞ്ചോട് ചേർത്തുപിടിച്ച് കരയുന്ന ദൃശ്യം ബഷീർ മുഹമ്മദിനെ ഉലച്ചു. അതിൽ നിന്നുള്ള പ്രചോദനമായിരുന്നു കുട്ടികളുടെ കളിപ്പാട്ടത്തെ കേന്ദ്രമാക്കി ഇൻസ്റ്റലേഷൻ എന്നത്.
‘അന്ന് ഞാൻ ഈ ഇൻസ്റ്റലേഷൻ ആരംഭിക്കുമ്പോൾ 3000ത്തോളം കുട്ടികളാണ് കൊല്ലപ്പെട്ടത്. എന്നാൽ, ഇന്നത് 15,000വും കടന്ന് കുതിക്കുന്നു. ഈ കലാപ്രകടനം അന്താരാഷ്ട്ര സമൂഹത്തോടും അറബ് ലോകത്തുള്ളവരോടുമുള്ള ഒരു ഓർമിപ്പിക്കൽ കൂടിയാണ്. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള ഓർമപ്പെടുത്തൽ.
കുരുന്നുകളുടെ ജീവൻ രക്ഷിക്കണം. ഈ പ്രദർശനത്തിലെ ഓരോ കളിപ്പാട്ടക്കരടിയും ഗസ്സയിൽ മരിച്ചുവീണ് കോൺക്രീറ്റ് കൂനകൾക്കിടയിൽ പൊലിഞ്ഞുപോയ കുഞ്ഞുങ്ങളാണ്. ഇസ്രായേലിന്റെ കിരാത നരവേട്ടയുടെ അടയാളവുമാണ്’ -തീക്ഷ്ണമായ കലയിലൂടെ തന്റെ രോഷം അടയാളപ്പെടുത്തിയ ബഷീർ മുഹമ്മദ് പറയുന്നു.
ഈ പ്രദർശനത്തിൽ നിന്നുള്ള ഏതാനും ഇൻസ്റ്റലേഷനുകൾ ബിൻ ജെൽമൂദദ് ഹൗസ് മുശൈരിബ് മ്യൂസിയത്തിലെ ‘ഫോർ ദി ചിൽഡ്രൻ ഓഫ് ഗസ്സ’ പ്രദർശനത്തിലേക്ക് മാറ്റും.
സാംസ്കാരികവും കലാപരവുമായ ആവിഷ്കാരത്തിനും ആശയവിനിമയത്തിനുമുള്ള വേദിയായി നിലനിൽക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് മുശൈരിബ് ഡൗൺടൗൺ ഈ പ്രദർശനത്തിന് ആതിഥ്യമൊരുക്കുന്നതെന്ന് സി.ഇ.ഒ അലി അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.