കിഷ് ദ്വീപിലെ ഭൂചലനം; ഖത്തർ തീരത്തും തുടർചലനം
text_fieldsദോഹ: ഇറാനിലെ തെക്കൻ മേഖലയിലെ കിഷ് ദ്വീപിലുണ്ടായ ഭൂകമ്പത്തിന്റെ തുടർചലനം ഖത്തറിലും അനുഭവപ്പെട്ടതായി ഭൂചലനം സംബന്ധിച്ച് നിരീക്ഷിക്കുന്ന സിയസ്മിക് ഇൻഫർമേഷൻ നെറ്റ് വർക് അറിയിച്ചു. രാജ്യത്തിന്‍റെ തീരദേശ മേഖലകളിൽ ചിലയിടങ്ങളിലാണ് തുടർചലനമായി നേരിയ പ്രകമ്പനം അനുഭവപ്പെട്ടത്.
ഖത്തറിനു പുറമെ യു.എ.ഇ, ബഹ്‌റൈൻ, സൗദി എന്നീ ഗൾഫ് രാജ്യങ്ങളിലും തുടർചലനം അനുഭവപ്പെട്ടതായും റിപ്പോർട്ട് ചെയ്തു. 3.7 മുതൽ 5.2 ഡിഗ്രി വരെ തീവ്രതയുള്ള ഏഴ് ഭൂകമ്പങ്ങളാണ് ഇറാൻ തീരത്തോട് ചേർന്ന അറേബ്യൻ ഗൾഫ് സമുദ്രമേഖലകളിൽ അനുവഭവപ്പെട്ടത്.
ഇവയിൽ ഒന്നിന്റെ തുടർചലനം ഖത്തറിലും സംഭവിച്ചതായി വ്യോമയാന വിഭാഗത്തിനു കീഴിലെ സിയസ്മിക് ഇൻഫർമേഷൻ അറിയിച്ചു. ഇറാൻ ഉൾപ്പെടെ എവിടെയും ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഇറാനിൽ 4.7 തീവ്രതയിൽ രണ്ട് തവണ കുലുക്കമുണ്ടായതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ചെറു ചലനങ്ങൾ പതിവായ മേഖല കൂടിയാണ് ഇറാന്‍റെ തെക്കൻ തീരങ്ങൾ. 2003ലെ ഭൂകമ്പത്തിൽ 26,000 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.