ഭുകമ്പ രക്ഷാപ്രവർത്തനം; ലഖ്വിയക്ക് തുർക്കിയ സുപ്രീം പുരസ്കാരം
text_fieldsദോഹ: കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭൂകമ്പത്തിൽ കനത്ത നാശം വിതച്ച തുർക്കിയയിലെ രക്ഷാ ദൗത്യത്തിൽ സജീവമായ ഖത്തർ ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയയുടെ ഇൻറർനാഷനൽ സേർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന് പുരസ്കാരം. തുർക്കിയയുടെ മെഡൽ ഓഫ് സുപ്രീം സാക്രിഫൈസ് പുരസ്കാരമാണ് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ കഴിഞ്ഞദിവസം സമ്മാനിച്ചത്. അങ്കാറയിൽ നടന്ന ചടങ്ങിൽ ഭൂകമ്പ ദുരന്തബാധിത മേഖലയിലെ ലഖ്വിയ സേനാംഗങ്ങളുടെ സേവനത്തെ അഭിനന്ദിച്ചു. ലഖ്വിയ ലോജിസ്റ്റിക്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ അസി. കമാൻഡറും ഇൻറർനാഷനൽ സേർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ് കമാൻഡറുമായ ലഫ്. കേണൽ മുബാറക് ഷെരീദ അൽ കഅബി പുരസ്കാരം ഏറ്റുവാങ്ങി.
അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ വെച്ചായിരുന്നു തുർക്കിയ പ്രസിഡൻറ് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ ഫെബ്രുവരി ആറിനായിരുന്നു തുർക്കിയയെയും സിറിയയെയും പിടിച്ചുലച്ച ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.5 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിൽ തുർക്കിയയുടെ തെക്കുകിഴക്കൻ മേഖലകളിൽ കനത്ത നാശം വിതച്ചു. 13 പ്രവിശ്യകളിലായി 50,000ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തിലേറെ പേർക്ക് പരിക്കേൽക്കുകയും മൂന്നര ലക്ഷം കെട്ടിടങ്ങൾ തകരുകയും 40 ലക്ഷം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ ദുരന്തവേളയിൽ ആദ്യം സഹായവുമായി എത്തിയ രാജ്യങ്ങളിൽ ഒന്ന് ഖത്തറായിരുന്നു. ദുരന്തത്തിന് തൊട്ടടുത്ത ദിനം മാനുഷിക സഹായവും രക്ഷാപ്രവർത്തനത്തിനുള്ള ദൗത്യസംഘവുമായി ഖത്തർ ഇടപെട്ടു. അടുത്ത ദിവസം തന്നെ തുർക്കിയയിലെത്തിയ ലഖ്വിയ സേനാംഗങ്ങൾ കെട്ടിടാവശിഷ്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു മേഖലയിൽ ലഖ്വിയ ഇൻറർനാഷനൽ സേർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ് തിരച്ചിൽ നടത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും 12കാരിയെ ഉൾപ്പെടെ ജീവനോടെ പുറത്തെടുത്ത സേനയുടെ ഇടപെടൽ രാജ്യാന്തര ശ്രദ്ധയും നേടിയിരുന്നു. രണ്ടാഴ്ചയോളം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ ലഖ്വിയ സേന നിരവധി പേരെ പുറത്തെടുക്കാനും ചികിത്സ ഉറപ്പാക്കാനും നേതൃത്വം നൽകി.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി തുർക്കിയയുടെ വേദനയിൽ സാന്ത്വനവും പകർന്നിരുന്നു. ദുരന്ത ശേഷം രാജ്യം സന്ദർശിച്ച ആദ്യ വിദേശ ഭരണാധികാരി കൂടിയായിരുന്നു ഖത്തർ അമീർ. ആദ്യ പത്തു ദിവസത്തിനുള്ളിൽ 85 ദശലക്ഷം റിയാലിന്റെ സഹായം ഖത്തർ സിറിയയിലും തുർക്കിയിലുമായി എത്തിച്ചു. പിന്നീടുള്ളത് ഉൾപ്പെടെ 25.3 കോടി റിയാലിന്റെ സഹായം നൽകി. ഫീൽഡ് ആശുപത്രി, ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും, ടെൻറ്, മെഡിക്കൽ സഹായം, താമസ സൗകര്യം എന്നിവയും ഖത്തറിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.