ഭൂകമ്പം; മരണമുനമ്പിൽനിന്ന് കൈപിടിച്ചത് ജീവിതത്തിലേക്ക്
text_fieldsദോഹ: ഭൂകമ്പം തകർത്ത തുർക്കിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രണ്ടുപേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ഖത്തർ സെർച് ആൻഡ് റെസ്ക്യൂ ടീം. തെക്കൻ തുർക്കിയയിലാണ് തകർന്നുവീണ കെട്ടിടത്തിനുള്ളിൽനിന്ന് 12കാരൻ ഉൾപ്പെടെ രണ്ടുപേരെ രക്ഷപ്പെടുത്തിയത്.
ഗാസിയാൻതെപിലെ നോർദാഖിൽ ഭൂകമ്പം തകർത്തെറിഞ്ഞ മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയായിരുന്നു റെസ്ക്യൂ ടീം ഇവരെ രക്ഷിച്ചത്. മണിക്കൂറുകളോളം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി അവശനായ 12കാരനെ ഖത്തരി സംഘം രക്ഷപ്പെടുത്തിയ വാർത്ത ദോഹയിലെ തുർക്കിയ എംബസിയാണ് ട്വിറ്ററിൽ അറിയിച്ചത്.
മഹാദുരന്തത്തെ നേരിടാൻ തുർക്കിക്ക് എല്ലാവിധ പിന്തുണയും നൽകുന്നതിന്റെ ഭാഗമായി ഖത്തർ ഉടനടി അനുവദിച്ച എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങളുടെ വരവിനോടനുബന്ധിച്ചാണ് ഖത്തരി ഇന്റർനാഷനൽ സെർച് ആൻഡ് റെസ്ക്യൂ ഗ്രൂപ് (ലെഖ്വിയ) ചൊവ്വാഴ്ച തുർക്കിയയിലെ അദാന വിമാനത്താവളത്തിലെത്തിയത്. തുർക്കി പ്രവിശ്യയായ ഗാസിയാൻതെപ്പിലെ അന്താരാഷ്ട്ര സംഘടനകളുടെ സെർച് ആൻഡ് റെസ്ക്യൂ ടീമുകൾ ഉൾപ്പെട്ട പ്രവർത്തനങ്ങളുടെ കോഓഡിനേഷൻ സെൽ ഖത്തരി സംഘം നിയന്ത്രിക്കുന്നുണ്ട്.
പല രാജ്യങ്ങളിലും പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിലുള്ള അനുഭവസമ്പത്ത് കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ കോഓഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സിന്റെ നിർദേശമനുസരിച്ചാണ് ഖത്തർ ടീം ഈ ദൗത്യം ഏറ്റെടുത്തത്.
ഫീൽഡ് ഹോസ്പിറ്റൽ, ദുരിതാശ്വാസ സഹായം, ടെന്റുകൾ, ശീതകാല സാമഗ്രികൾ എന്നിവക്കുപുറമെ പ്രത്യേക സംവിധാനങ്ങളും ഉപകരണങ്ങളുമായാണ് ഖത്തരി റെസ്ക്യൂ ഗ്രൂപ് തുർക്കിയയിലെത്തിയത്.
അതിനിടെ, തുർക്കിയയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ‘പിന്തുണക്കുക, സഹായം നൽകുക’എന്ന പേരിൽ ശനിയാഴ്ച വൈകീട്ട് നടക്കുന്ന ദുരിതാശ്വാസ കാമ്പയിനിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഖത്തർ ടി.വി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.