മുനിസിപ്പാലിറ്റികളിൽ പരിസ്ഥിതിസൗഹൃദ കാറുകൾ
text_fieldsദോഹ: അന്തരീക്ഷ മലിനീകരണവും ഹരിതഗൃഹ വാതക പ്രവാഹവും കുറക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റികളും വിവിധ വകുപ്പുകളും പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് വാഹനങ്ങൾ തിരഞ്ഞെടുത്തതിനെ പിന്തുണച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. രണ്ട് എൻജിനുകളുള്ള ഹൈബ്രിഡ് വാഹനങ്ങളിൽ ഒരു എൻജിൻ ഇന്ധനത്തിലും മറ്റൊന്ന് വൈദ്യുതിയിലുമാണ് പ്രവർത്തിക്കുക. രണ്ട് എൻജിനുകളും സമാന്തരമായാണ് പ്രവർത്തിക്കുന്നത് എന്നതിനാൽതന്നെ ഇന്ധന ഉപയോഗം കുറയും. ഗ്യാസോലിൻ എൻജിനിൽനിന്ന് ഇലക്ട്രിക് എൻജിനുകളിലെ ബാറ്ററികൾ ചാർജാകുന്നതിനാൽ ചാർജിങ്ങിനായി പ്രത്യേക സ്രോതസ്സ് ഉപയോഗിക്കേണ്ടതുമില്ല എന്നതാണ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രധാന സവിശേഷത. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ മെക്കാനിക്കൽ എക്വിപ്മെൻറ് നാല് വർഷത്തിന് പാട്ടത്തിനെടുത്ത ഹൈബ്രിഡ് കാറുകൾ മുനിസിപ്പാലിറ്റികൾക്കും വിവിധ വകുപ്പുകൾക്കുമായി കൈമാറി. വാഹനങ്ങളുടെ ഇന്ധനക്ഷമത, സാങ്കേതിക സവിശേഷതകൾ എന്നിവ പരിശോധിക്കുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കിയാണ് കൈമാറിയത്.
ഇന്ധനക്ഷമത നിരീക്ഷിക്കുന്നതിനായി വഖൂദി ചിപ്പുകളും വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മുനിസിപ്പാലിറ്റികളിൽ ഹൈബ്രിഡ് വാഹനങ്ങളെത്തിക്കുന്നതെന്നും പാരമ്പര്യ ഊർജസ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറക്കുക, വാഹനങ്ങളിൽനിന്ന് പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവ് കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഇന്ധനച്ചെലവ് 30 ശതമാനം വരെ കുറക്കാനാകുമെന്നും മെക്കാനിക്കൽ എക്വിപ്മെൻറ് മേധാവി ഷെരീദ സുൽത്താൻ അൽ റുമൈഹി പറഞ്ഞു. വരും ദിവസങ്ങളിൽ 1226 പുതിയ കാറുകൾ കൂടി വാഹന നിരയിലേക്കെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.