‘സാമ്പത്തിക പുരോഗതിക്ക് സമാധാനമുള്ള ലോകം വേണം’
text_fieldsദോഹ: ലോകത്തിന്റെ സാമ്പത്തിക പുരോഗതിയും സാമൂഹിക സമാധാനവും സുസ്ഥിര വികസനവും ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നുവെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനി. സായുധ സംഘർഷങ്ങളും യുദ്ധങ്ങളും കാലാവസ്ഥ വ്യതിയാനവും വിവിധമേഖലകളിലെ ലോകത്തിന്റെ സുസ്ഥിര വളർച്ചയെ പ്രതിസന്ധിയിലാക്കുന്നതാണ്.
വികസ്വര, അവികസിത രാജ്യങ്ങളുടെ മുന്നോട്ടുള്ള യാത്രയെ പ്രതിസന്ധിയിലാക്കുന്ന ഈ സാമൂഹിക അന്തരീക്ഷം മറികടക്കാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ അനിവാര്യമാണ് -ഐക്യരാഷ്ട്രസഭ 79ാമത് ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിൽ നടന്ന ‘ഫ്യൂച്ചർ സമ്മിറ്റിൽ’ പങ്കെടുത്തുകൊണ്ട് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ വിവിധ രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക അഭിവൃദ്ധിക്കായി ഖത്തർ നടത്തിയ ഇടപെടലുകളെയും ദൗത്യങ്ങളെയും എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി സംസാരിച്ചത്.
സുസ്ഥിര വികസനവും സാമ്പത്തിക സഹായവും, സമാധാനവും സുരക്ഷയും, യുവാക്കൾക്കും ഭാവിതലമുറക്കും ഡിജിറ്റൽ ഭാവി, ഗ്ലോബൽ ഗവേണൻസ്, മനുഷ്യാവകാശം, ലിംഗസമത്വം, കാലാവസ്ഥ വെല്ലുവിളി എന്നീ വിഷയങ്ങളിൽ ഊന്നിയായിരുന്നു വിവിധ രാഷ്ട്ര നേതാക്കൾ പങ്കെടുത്ത ‘ഫ്യൂച്ചർ സമ്മിറ്റിന്’ യു.എൻ വേദിയായത്. സമാധാനവും സ്ഥിരതയും നിലനിർത്താൻ കഴിയാതെ ഒരിടത്തും വികസനം സാധ്യമാവില്ലെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി വ്യക്തമാക്കി.
‘സംഘർഷങ്ങൾ തടയുന്നതിനും സമാധാനപരമായ ഇടപെടലുകളിലൂടെ അവ പരിഹരിക്കുന്നതിനും ഖത്തർ എന്നും മുൻതൂക്കം നൽകുന്നു. മധ്യസ്ഥ ദൗത്യങ്ങളിലൂടെ പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളിൽ ഖത്തറിന്റെ ഇടപെടലുകൾ ഫലം കണ്ടിട്ടുണ്ട്. ഇപ്പോഴും വിവിധ വിഷയങ്ങളിൽ മധ്യസ്ഥ, സമാധാന ശ്രമങ്ങൾ ഖത്തർ തുടരുന്നു.
ഹമാസും ഇസ്രായേലും തമ്മിലെ സംഘർഷം അവസാനിപ്പിക്കാനും ഗസ്സയിലെ യുദ്ധം നിർത്താനും ഈജിപ്ത്, അമേരിക്ക കക്ഷികൾക്കൊപ്പം ചേർന്ന് ഖത്തർ ദൗത്യം തുടരുന്നു. വെടിനിർത്തൽ കരാറിൽ ഏർപ്പെടാനും തടവുകാരെയും ബന്ദികളെയും വിട്ടയക്കാനും ഖത്തർ ആവർത്തിച്ച് ആവശ്യപ്പെടുന്നു.
ആശുപത്രികൾ, ദുരിതാശ്വാസ പ്രവർത്തകർ, സ്കൂളുകൾ, കുടിയിറക്കപ്പെട്ടവർ എന്നിവർക്കെതിരെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് തുടരുന്ന ആക്രമണങ്ങളിൽ അന്താരാഷ്ട്ര സമൂഹം കൃത്യമായി നിലപാട് സ്വീകരിക്കണം’ -ഖത്തർ പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായി മൂന്നാം ഘട്ട വികസന സ്ട്രാറ്റജിക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നായകത്വത്തിനു കീഴിൽ ഖത്തർ തുടക്കം കുറിച്ചതായും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യ, ശാസ്ത്രം, ഇന്നൊവേഷൻ, മാനുഷിക വികസനം എന്നിവയെ പ്രയോഗവത്കരിച്ച് വൈജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ വികസിപ്പിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര തലത്തിലെ ഖത്തർ നടപ്പാക്കുന്ന വിവിധ സഹായ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.
യു.എൻ ഏജൻസികൾക്കായി പത്തുവർഷത്തേക്ക് അമീർ പ്രഖ്യാപിച്ച 500 ദശലക്ഷം ഡോളറിന്റെ സഹായം ഇതിൽ ശ്രദ്ധേയമാണ്. യു.എൻ കാലാവസ്ഥ സമ്മിറ്റിൽ ഭീഷണി നേരിടുന്ന കരീബിയൻ, പസഫിക്, ആഫ്രിക്കൻ മേഖലകളിലെ ദ്വീപുകളുടെ പിന്തുണക്കായി 100 ദശലക്ഷം ഡോളറും നീക്കിവെച്ചിരുന്നു. ഇതോടൊപ്പം കഴിഞ്ഞ വർഷം മാർച്ചിൽ അവികസിത രാജ്യങ്ങളുടെ സമ്മേളനത്തിന് വേദിയൊരുക്കുകയും വികസന പ്രവർത്തനങ്ങൾക്കായി 60 ദശലക്ഷം ഡോളർ സഹായം നൽകുകയും ചെയ്തു -പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.