ദോഹ എക്സ്പോയിൽ എക്വഡോറും പങ്കെടുക്കും
text_fieldsദോഹ: ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ദോഹ എക്സ്പോ 2023ൽ ലാറ്റിനമേരിക്കൻ രാജ്യമായ എക്വഡോറും പങ്കെടുക്കും. എക്വഡോറിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന അന്തിമ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ദോഹയിൽ നടന്ന ചടങ്ങിൽ എക്വഡോറിന്റെ ഖത്തർ അംബാസഡർ പാസ്കൽ ഡെൽ സിയോപോയും ദോഹ എക്സ്പോ 2023 കമീഷണർ ജനറൽ അംബാസഡർ ബദർ ഉമർ അൽ ദഫായുമാണ് കരാർ ഒപ്പുവെച്ചത്.
കരാർ ഒപ്പുവെച്ചതോടെ എക്വഡോർ ഗവൺമെന്റ് പ്രസിഡന്റ് ഗിയർമോ ലാസോയും ഖത്തറിലെ എക്വഡോർ എംബസിയും മുഖേനയുള്ള മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം എക്സ്പോയിൽ 1182 ചതുരശ്രമീറ്റർ ഭൂമിയുടെ വിപുലീകരണത്തിൽ പങ്കാളിത്തം പൂർത്തിയാക്കുകയും ചെയ്തു.
നിരവധി വർഷങ്ങൾക്കുശേഷം പരമ്പരാഗതവും പാരമ്പര്യേതരവുമായ ഉൽപന്നങ്ങളിൽ കയറ്റുമതി ചെയ്യാവുന്ന ആഗോള കാർഷിക എക്സ്പോയിൽ തിളങ്ങാൻ എക്വഡോറിന് വീണ്ടും പവിലിയൻ ലഭിച്ചിരിക്കുകയാണ്.കാർഷിക ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, പാരിസ്ഥിതിക രീതികൾ എന്നിവ പവിലിയന്റെ മുഖ്യ ആകർഷണമാകും. കൂടാതെ എക്വഡോറിയൻ നിർമാതാക്കൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും അവയുടെ നേട്ടങ്ങൾ കാണിക്കാനും അവസരം ലഭിക്കും.
പവിലിയന്റെ രൂപകൽപന, നിർമാണം, പുരോഗതി, ദോഹ എക്സ്പോ 2023 എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പാസ്കൽ ഡെൽ സിയോപോക്ക് കൈമാറും. 2023 ഒക്ടോബർ രണ്ടുമുതൽ 2024 മാർച്ച് 28 വരെയായി ആറുമാസം നീളുന്ന എക്സ്പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മൂന്ന് ദശലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 80 രാജ്യങ്ങളുടെ പവിലിയനുകളാണ് ദോഹ എക്സ്പോയിൽ ഉയരുന്നത്. ഖത്തറിലും മിനാ മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് ദോഹ എക്സ്പോ 2023നെ വിശേഷിപ്പിക്കുന്നത്.
1.7 ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഇന്റർനാഷനൽ സോൺ, ഫാമിലി സോൺ, കൾചറൽ സോൺ എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് വേദി തയാറാക്കിയിരിക്കുന്നത്. കൂടാതെ ആധുനിക കൃഷിരീതികൾ, സാങ്കേതികവിദ്യ, കാർഷികരംഗത്തെ നൂതനാശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നിവക്കായി പ്രത്യേക മേഖലകളും സജ്ജമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.