എജുകഫേ വീണ്ടും ഖത്തറിലേക്ക്; ഒപ്പം ലൈഫ് സ്കിൽ ഒളിമ്പ്യാഡും
text_fieldsദോഹ: ഉന്നത പഠന മേഖലകളിലേക്ക് വഴിതേടുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വഴികാട്ടിയായി ഇന്ത്യയിലെയും ജി.സി.സിയിലെയും ഏറ്റവും വലിയ വിദ്യാഭ്യാസ -കരിയർ പ്രദർശനമായ ‘ഗൾഫ് മാധ്യമം’ എജുകഫേ വീണ്ടും ഖത്തറിലെത്തുന്നു. പതിറ്റാണ്ടു കാലംകൊണ്ട് വിവിധ തലമുറകളിലെ പതിനായിരത്തോളം വിദ്യാർഥികൾക്ക് പഠനലോകത്തേക്കും കരിയറിലേക്കും വഴികാട്ടിയായ ‘എജുകഫേ’ ഖത്തറിൽ രണ്ടാം പതിപ്പായി എത്തുമ്പോൾ ഇത്തവണ പുതുമകളുമേറെ. ഇന്ത്യയിലെയും വിദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രദർശനവും, വിദ്യാഭ്യാസ-കരിയർ വിദഗ്ധർ നയിക്കുന്ന പരിശീലന പരിപാടികളും വിജയം വരിച്ച വിദ്യാർഥി പ്രതിഭകളുടെ സംവാദവുമെല്ലാമായി ‘എജുകഫേ’ കൂടുതൽ മികവുറ്റതായി മാറും. ഇതോടൊപ്പം നാല് മുതൽ 15 വരെ വയസ്സുള്ള വിദ്യാർഥികൾക്ക് ജീവിത പാഠങ്ങളും പരിശീലനവുമായി ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡും’ അരങ്ങേറുന്നു.
ഡിസംബർ 27, 28 തീയതികളിൽ ദോഹയിലാണ് ഗൾഫ് മാധ്യമം എജു കഫേയും ലൈഫ് സ്കിൽ ഒളിമ്പ്യാഡും നടക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലും യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലുമായി മേൽവിലാസം സൃഷ്ടിച്ച എജുകഫേയുടെ രണ്ടാം പതിപ്പിനാണ് ഖത്തർ ഇത്തവണ വേദിയാവുന്നത്. ഈ വർഷാദ്യം ജനുവരിയിൽ പൊഡാർ പേൾ സ്കൂളിൽ നടന്ന ഖത്തറിലെ പ്രഥമ എജുകഫേയുടെ വിജയത്തിന്റെ തുടർച്ചയായാണ് ഇത്തവണ കൂടുതൽ മികവോടെ കരിയർ, വിദ്യാഭ്യാസ പ്രദർശന മേള ഖത്തറിൽ നേരത്തേ എത്തുന്നത്. പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നതിന് നാളുകൾക്ക് മുമ്പായി നടക്കുന്ന മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് തങ്ങളുടെ പങ്കാളിത്തം നേരത്തേതന്നെ രജിസ്ട്രേഷനിലൂടെ ഉറപ്പാക്കാവുന്നതാണ്. സൗജന്യ പ്രവേശനം അനുവദിക്കുന്ന എജുകഫേയിൽ www.myeducafe.com എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
രണ്ടു ദിനം; അറിവിന്റെ മേള
ക്രിസ്മസ് അവധിക്കാലവും കഴിഞ്ഞ് പുതിയ പ്രതിജ്ഞയോടെ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന വിദ്യാർഥികൾക്കുള്ള അവസരം കൂടിയാണ് ഗൾഫ് മാധ്യമം എജുകഫേ. ഖത്തറിലെ രണ്ടാം പതിപ്പിൽ ഇത്തവണ വൈവിധ്യങ്ങളുമേറെ. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി വേദികളിൽ പരിശീലന പരിപാടികൾ നയിച്ച വിദ്യാർഥികളുടെ പ്രിയപ്പെട്ട ആരതി സി. രാജരത്നം പങ്കെടുക്കും.
പ്രമുഖ എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി രാജരത്നം ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായ നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ദേശീയ -അന്തർശേദീയ തലത്തിൽ നൂതന പാഠ്യപദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് വിജയകരമായി അവതരിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചവരിൽ ഒരാളുമാണ്.
സമ്മർദങ്ങളെ അതിജീവിക്കാനും മാനസിക കരുത്താർജിക്കാനുമുള്ള ടിപ്സുമായി ഡിസംബർ 27നും 28നും ആരതി രാജരത്നം സംസാരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ഖത്തറിലെയും ഉന്നതപഠന സ്കോളർഷിപ്പുകളെക്കുറിച്ച് ഖത്തർ യൂനിവേഴ്സിറ്റി അധ്യാപകൻ ഡോ. നഈം മുള്ളുങ്ങലും സംസാരിക്കും.
ഖത്തറിലെ വിവിധ സ്കൂളുകളിൽനിന്നുള്ള ശാസ്ത്ര പ്രതിഭകൾ മാറ്റുരക്കുന്ന എ.പി.ജെ അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ് പ്രദർശനവും പുരസ്കാര പ്രഖ്യാപനവും, വിവിധ സ്കൂളുകൾ, സർവകലാശാലകളിൽ നിന്നും മികച്ച വിജയം നേടിയ പ്രതിഭകൾ സംവദിക്കുന്ന ‘ടോപ്പേഴ്സ് ടോക്’, ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ പങ്കെടുക്കുന്ന ‘പ്രിൻസിപ്പൽ സമ്മിറ്റ്’ എന്നിവയും രണ്ടു ദിവസങ്ങളിലായി അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.