ലക്ഷം കുട്ടികൾക്ക് വിദ്യാവെളിച്ചവുമായി ഇ.എ.എ
text_fieldsദോഹ: പെൺകുട്ടികളും വൈകല്യമുള്ളവരുമുൾപ്പെടെ നൈജീരിയയിൽ ഒരു ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന പദ്ധതിയിൽ പങ്കാളിയായി ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജുക്കേഷൻ എബവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ). ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക്, ഇസ്ലാമിക് സോളിഡാരിറ്റി ഫണ്ട് ഫോർ ഡെവലപ്മെന്റ്, കുവൈത്ത് ഫണ്ട് ഫോർ അറബ് ഡെവലപ്മെന്റ്, ഗ്ലോബൽ പാർട്ട്ണർഷിപ് ഫോർ എജുക്കേഷൻ, കഡുന സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയം എന്നിവരുൾപ്പെടുന്ന ബൃഹത് പദ്ധതിയുടെ ഭാഗമായുള്ള കരാറിലാണ് ഇ.എ.എ ഒപ്പുവെച്ചത്. മേഖലയിലെ വിദ്യാഭ്യാസ തടസ്സങ്ങൾ നീക്കുന്നതിനായി റീച്ചിങ് ഔട്ട് ഓഫ് സ്കൂൾ ചിൽഡ്രൻ ഇൻ കഡുന പ്രൊജക്ടാണ് (ആർ.ഒ.ഒ.എസ്.സി) സൗദി അറേബ്യയിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്. കടുത്ത സാമ്പത്തിക വെല്ലുവിളികൾ, അസ്ഥിരത, അരക്ഷിതാവസ്ഥ, അസമത്വം തുടങ്ങി നിരവധി പ്രതിബന്ധങ്ങൾ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന നൈജീരിയയിൽ അപര്യാപ്തമായ ഫണ്ടിങ്, മോശം അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം നേടിയ അധ്യാപകരുടെ അഭാവം, അപര്യാപ്തമായ പ്രവേശനം തുടങ്ങിയവയാണ് വിദ്യാഭ്യാസ മേഖല നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളികൾ.
2020ലെ കഡുന സ്റ്റേറ്റ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിൽ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം കുട്ടികളാണ് വിദ്യാഭ്യാസം നേടാൻ സാധിക്കാതെ പുറത്തുനിൽക്കുന്നത്. നൈജീരിയയിൽ വിദ്യാഭ്യാസം നേടാനാകാതെ ഏറ്റവും കുട്ടികൾ പുറത്തിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും കഡുനയാണ്. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതോടൊപ്പം ദാരിദ്ര്യം കുറക്കുന്നതിനും വിശാലമായ സാമൂഹിക സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതിനും വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുന്നതിായി പങ്കാളികളുടെ ശ്രമഫലമാണ് ആർ.ഒ.ഒ.എസ്.സി പദ്ധതി. വിദ്യാഭ്യാസ പ്രക്രിയയിൽ കുട്ടികളുടെ പ്രവേശനവും നിലനിർത്തലും മെച്ചപ്പെടുത്തലും, അധ്യാപനത്തിന്റെയും പഠനത്തിന്റെയും ഗുണനിലവാരം, പഠനാന്തരീക്ഷം, വിദ്യാഭ്യാസ മാനേജ്മെന്റ് എന്നിവ മെച്ചപ്പെടുത്തൽ എന്നിങ്ങനെ നാല് ലക്ഷ്യങ്ങളിലായി നാല് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ആർ.ഒ.ഒ.എസ്.സി. നൈജീരിയയിലെ വിദ്യാഭ്യാസ പരിവർത്തന മേഖലയിലെ സുപ്രധാന ചുവടുവെപ്പാണ് ആർ.ഒ.ഒ.എസ്.സി പദ്ധതിയെന്നും, ഇതിൽ പങ്കാളികളാകുന്നതിലൂടെ തുല്യവും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടികൾക്ക് മികച്ച ഭാവി കൈവരിക്കുന്നതിനും വളരാനും വികസിക്കാനുമുള്ള അവസരം നമുക്ക് നൽകാമെന്നും ഇ.എ.എ സി.ഇ.ഒ ഫഹദ് അൽ സുലൈത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.