വിദ്യാഭ്യാസം സുരക്ഷിതമാക്കാൻ ആഹ്വാനം ചെയ്ത് ശൈഖ മൗസ
text_fieldsദോഹ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യകൾക്കും ക്രൂരതകൾക്കുമെതിരെ ആഗോള സമൂഹത്തിന്റെ നിശ്ശബ്ദതയിൽ രോഷം പ്രകടിപ്പിച്ച് എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) ചെയർപേഴ്സനും സ്ഥാപകയുമായ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നാദ്.
ഇസ്രായേൽ ആക്രമണങ്ങളിൽ കൊന്നൊടുക്കുന്ന മനുഷ്യരുടെ എണ്ണം മനസ്സാക്ഷിയെ പിടിച്ചുലക്കുന്നതാണ്. നമ്മുടെ മനുഷ്യത്വമില്ലായ്മ തുറന്നുകാട്ടുന്നതാണ് നഗ്നമായ നിശ്ശബ്ദതയും നിസ്സംഗതയും. ഇസ്രായേൽ അധിനിവേശത്തിന്റെ ക്രൂരതക്ക് മുന്നിൽ നമ്മുടെ മാനവികത ഒളിച്ചോടിയിരിക്കുകയാണ് -ശൈഖ മൗസ തുറന്നടിച്ചു.
‘ആക്രമണങ്ങളിൽനിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ’ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. യമൻ പ്രധാനമന്ത്രി അഹ്മദ് അവദ് ബിൻ മുബാറക്, ബ്രസീലിന്റെ പ്രഥമ വനിത റൊസാംഗേല ലുല ഡിസിൽവ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
2020ൽ ആഗോള വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള യു.എൻ സംരംഭത്തിന് ശൈഖ മൗസ നേതൃത്വം വഹിക്കുകയും തുടർന്ന് സെപ്റ്റംബർ ഒമ്പത് അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെ ഭീകരതയിൽനിന്നും ഒഴിപ്പിച്ച് ഖത്തറിലേക്ക് എത്തിച്ച കുട്ടികളുടെ കലാപ്രകടനങ്ങളും പരിപാടിയിൽ അവതരിപ്പിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശപ്രകാരം 1500 ഫലസ്തീനികൾക്ക് ചികിത്സ നൽകാനും 3000 അനാഥകളെ സ്പോൺസർ ചെയ്യാനും ഖത്തർ തീരുമാനിച്ചിരുന്നു. 11 മാസത്തിലേറെയായി ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിൽ ഫലസ്തീനികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ശൈഖ മൗസ അവരുടെ സംസാരത്തിലുടനീളം പങ്കുവെച്ചു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തോടുള്ള നിശ്ശബ്ദതയും ഇരട്ടത്താപ്പും പുലർത്തുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ പരിഷ്കൃതരെന്ന അവകാശവാദത്തെ അവർ പരിഹസിച്ചു. മനുഷ്യാവകാശങ്ങളെക്കുറിച്ചും അന്താരാഷ്ട്ര നിയമങ്ങളെക്കുറിച്ചും വാചാലരാകുകയും ഗസ്സയിലെ വംശഹത്യയിൽ ചുണ്ടനക്കാതിരിക്കുകയും ചെയ്യുന്ന ലോക നേതാക്കളോടാണ് പ്രതിഷേധം- ശൈഖ മൗസ ശക്തമായ വാക്കുകളാൽ തുറന്നടിച്ചു.
‘ഒക്ടോബർ ഏഴ് മുതലുള്ള ഇസ്രായേലിന്റെ ആക്രമണം ഒരു വർഷം തികയാൻ ഒരുങ്ങുകയാണ്. ഗസ്സയിലെ ക്ലാസ് മുറികളിലേക്ക് വിദ്യാർഥികളാരും മടങ്ങിയെത്തിയിട്ടില്ല. ചിലർ രക്തസാക്ഷികളായി. ചിലർ രോഗശയ്യയിലാണ്. അവരുടെ കൈകളും കാലുകളും മുറിച്ചുമാറ്റപ്പെട്ട നിലയിലാണ്. ഗസ്സയിലെ മക്കളേ, ഞങ്ങൾ നിങ്ങളെ തോൽപിച്ചു. അന്താരാഷ്ട്ര നിയമമോ ചാർട്ടറോ കരാറുകളോ ഒന്നുംതന്നെ നിങ്ങളുടെ രക്ഷക്കായെത്തിയില്ല -ശൈഖ മൗസ വികാരാധീനയായി.
സിറിയ, യമൻ, സുഡാൻ, യുക്രെയ്ൻ, നൈജീരിയ, കോംഗോ,കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലുൾപ്പെടെ ആഗോളതലത്തിൽ വിദ്യാഭ്യാസത്തിനെതിരായ മറ്റ് അക്രമങ്ങളെയും അവർ ചൂണ്ടിക്കാട്ടി. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണങ്ങളിൽ 41,000ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ചുരുങ്ങിയത് 400 അധ്യാപകരും 10,000ലധികം വിദ്യാർഥികളും ഇതിലുൾപ്പെടും.
ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ഗസ്സയിൽ 62 സ്കൂളുകൾ പൂർണമായും 124 സ്കൂളുകൾ സാരമായും തകർക്കപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ അഭയാർഥികൾക്കായിട്ടുള്ള യു.എൻ ഏജൻസിയുടെ 65 സ്കൂളുകളും ഇതിലുൾപ്പെടും. ആറ് ലക്ഷത്തിലധികം വിദ്യാർഥികളുടെ വിദ്യാഭ്യാസമാണ് ആക്രമണങ്ങളെത്തുടർന്ന് നിലച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെതിരായ അന്താരാഷ്ട്ര തലത്തിലെ ആക്രമണങ്ങൾ ലോക ശ്രദ്ധയിലെത്തിക്കാനും പ്രതിരോധിക്കാനും വേണ്ടിയാണ് പ്രത്യേക ദിനം ആചരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കെതിരായ ആക്രമണങ്ങൾ 20 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.