നിർമിത ബുദ്ധിയിലെ വിദ്യാഭ്യാസവും പഠനവും: കലാവിരുന്നുമായി നാഷനൽ ലൈബ്രറി
text_fieldsദോഹ: പുതിയ അധ്യായന വർഷം ആരംഭിച്ചതിനു പിന്നാലെ, വിദ്യാഭ്യാസ പരിപാടികളുമായി ഖത്തർ നാഷനൽ ലൈബ്രറി. സാംസ്കാരികവും സംഗീതവും ഉൾക്കൊള്ളുന്ന നിരവധി പരിപാടികൾക്കൊപ്പമാണ് ക്യു.എൻ.എൽ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ മുന്നേറ്റം സാധ്യമാക്കുന്ന പരിപാടികളുടെ ഒരു നിരതന്നെ അവതരിപ്പിക്കുന്നത്.
അക്കാദമിക എഴുത്തിലും ഗവേഷണത്തിലും ചാറ്റ് ജി.പി.ടിയുടെ ഉപയോഗം പരിശോധിക്കുന്ന ‘ചാറ്റ് സ്മാർട്ടർ: അക്കാദമിക് റൈറ്റിങ് വിത് ചാറ്റ് ജി.പി.ടി’ എന്ന തലക്കെട്ടിൽ വിദ്യാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടി സെപ്റ്റംബർ മൂന്നിന് നടക്കും. വേഗത്തിൽ എഴുതുന്നതിനുള്ള പ്രായോഗിക പരിശീലനങ്ങളും വസ്തുതാപരിശോധനയുടെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കും പരിപാടി.
‘പരമ്പരാഗത രീതിയിൽനിന്നും ജനറേറ്റിവ് നിർമിതബുദ്ധിയിലേക്ക്’ എന്ന തലക്കെട്ടിൽ സെപ്റ്റംബർ മൂന്നിനുതന്നെ പ്രത്യേക പ്രഭാഷണവും ക്യു.എൻ.എല്ലിൽ നടക്കും. പ്രമുഖ വ്യവസായിക മേഖലകൾക്കായി നിർമിതബുദ്ധിയിലൂടെ പ്രവർത്തിക്കുന്ന ആപ്പുകളുടെ മാറ്റങ്ങളും, അടിസ്ഥാന സാങ്കേതികവിദ്യ, നേട്ടങ്ങൾ, വെല്ലുവിളികൾ എന്നിവയും പ്രഭാഷകർ പരിശോധിക്കും. വിദ്യാഭ്യാസ മേഖലയിൽ നിർമിതബുദ്ധിയുടെ സർഗാത്മക ഉപയോഗങ്ങൾ എന്ന വിഷയത്തിൽ ഖത്തർ നാഷനൽ ലൈബ്രറിയുടെ സയൻസ് ബുക്ക് ഫോറം സെപ്റ്റംബർ അഞ്ചിന് പ്രത്യേക പരിപാടി സംഘടിപ്പിക്കും.
സെപ്റ്റംബർ ആറിന് മതവുമായി ബന്ധപ്പെട്ട് നിർമിതബുദ്ധി സൃഷ്ടിച്ച അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിന് കൃത്രിമബുദ്ധിയും മതമൂല്യങ്ങളും എന്ന വിഷയത്തിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ, സെപ്റ്റംബർ 17ന് വിജയകരമായ രക്ഷാകർതൃത്വത്തിനുള്ള അടിത്തറ സ്വയം അവബോധം എന്ന വിഷയത്തിൽ മുഹമ്മദ് അൽ ഹൈദർ നയിക്കുന്ന പ്രഭാഷണവും നടക്കും. കുട്ടികൾക്ക് വായനയോടുള്ള ഇഷ്ടം പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിവാര സെഷനുകളിൽ ആദ്യത്തേത് സെപ്റ്റംബർ 10ന് നടക്കും.
ഖത്തർ നാഷനൽ ലൈബ്രറി സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ച് അറിയുന്നതിനും പങ്കെടുക്കുന്നതിനുമായുള്ള കൂടുതൽ വിവരങ്ങൾക്ക് ലൈബ്രറിയുടെ വെബ്സൈറ്റിലെ ഇവന്റ്സ് പേജായ www.qnl.qa/en/evenst എന്ന പോർട്ടലിൽ സന്ദർശിക്കുക. ക്യു.എൻ.എല്ലിന്റെ മൊബൈൽ ആപ് വഴിയും വിവരങ്ങൾ അറിയാം. പ്ലേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.