30 ലക്ഷം യാത്രക്കാരുമായി എജുക്കേഷൻ സിറ്റി ട്രാം
text_fieldsദോഹ: ഓടിത്തുടങ്ങിയ ചുരുങ്ങിയ കാലംകൊണ്ട് റെക്കോഡ് യാത്രികരെയും വഹിച്ച് എജുക്കേഷൻ സിറ്റിയിലെ ട്രാം സർവിസ്. 2019 ഡിസംബറിൽ ഖത്തറിന്റെ വിദ്യാഭ്യാസ നഗരമായ എജുക്കേഷൻ സിറ്റിയിലൂടെ ഓടിത്തുടങ്ങിയ ട്രാമിൽ ഇതിനകം യാത്ര ചെയ്തവരുടെ എണ്ണം 30 ലക്ഷം തികഞ്ഞു.
നീല, മഞ്ഞ, പച്ച എന്നീ മൂന്നു ലൈനുകളിലാണ് എജുക്കേഷൻ സിറ്റിയിൽ ട്രാം സർവിസുള്ളത്. നീല ലൈൻ 2019 ഡിസംബറിൽ ഓടിത്തുടങ്ങിയപ്പോൾ, മഞ്ഞ ലൈൻ 2020 ഒക്ടോബറിലും, പച്ച ലൈൻ 2023 ജൂലൈയിലും ഓടിത്തുടങ്ങി. നിലവിൽ എജുക്കേഷൻ സിറ്റിയുടെ ഏത് ഭാഗത്തേക്കും ട്രാമിൽ സൗജന്യ യാത്ര നടത്താവുന്നതാണ്.
പരിസ്ഥിതി സൗഹൃദവും വിവിധ ഗതാഗത സംവിധാനങ്ങളുമായി ബന്ധിതവുമായ യാത്രാ മാർഗമെന്ന നിലയിലാണ് ട്രാം അവതരിപ്പിച്ചത്.
വിവിധ സർവകലാശാല, സ്കൂൾ വിദ്യാർഥികൾ, സന്ദർശകർ, ജീവനക്കാർ എന്നിവർക്ക് എജുക്കേഷൻ സിറ്റിയിലെ ലക്ഷ്യ മാർഗങ്ങളിൽ എളുപ്പത്തിലെത്താനുള്ള യാത്രാ ഉപാധിയുമാണ് ട്രാം. അൽ ഷഖാബ്, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, ഓക്സിജൻ പാർക്, മിനാരതൈൻ പള്ളി, ക്യു.എൻ.സി.സി ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് മൂന്ന് ലൈനുകളും സർവിസ് നടത്തുന്നത്.
ട്രാം സ്റ്റോപ്പുകളിൽ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാൻ ഇ ബൈക്ക്, ഇ സ്കൂട്ടർ സേവനങ്ങളുമുണ്ട്. ഞായർ മുതൽ വ്യാഴം വരെ രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് ട്രാം സർവിസ്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് നാലു വരെയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.