22 വിദ്യാർഥികൾ ഖുർആൻ ഹൃദിസ്ഥമാക്കി; എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം
text_fieldsവിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
ദോഹ: 22 വിദ്യാർഥികൾ വിശുദ്ധ ഖുർആൻ പഠനം പൂർത്തിയാക്കി ശ്രദ്ധേയനേട്ടം സ്വന്തമാക്കിയ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് അഭിനന്ദനവുമായി ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സ് വഴിയാണ് മന്ത്രി സ്കൂളിനെയും വിദ്യാർഥികളെയും അഭിനന്ദിച്ചത്. അഭിമാനകരവും പ്രചോദനം നൽകുന്നതുമായ നിമിഷമെന്ന് കുറിച്ച മന്ത്രി വിദ്യാർഥികളുടെ സമർപ്പണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും നേട്ടം കൂടിയാണ് ഇതെന്നും വ്യക്തമാക്കി.
സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെയും മന്ത്രി അഭിനന്ദിച്ചു. മന്ത്രിയുടെ പോസ്റ്റിനു പിറകെ സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ അഭിനന്ദിച്ചുകൊണ്ട് കുറിപ്പുകൾ പങ്കുവെച്ചു. പുതിയ കാലത്ത് മറ്റ് സ്കൂളുകളും ഇത്തരം മാതൃകകൾ പിന്തുടരണമെന്ന് സ്വദേശികൾ കുറിച്ചു.
എം.ഇ.എസ് സ്കൂൾ വിദ്യാർഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ കുറിപ്പ്
വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിലെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ ഖുർആൻ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെ ആദരിച്ചു. മന്ത്രാലയം പ്രതിനിധികൾ സ്കൂളിന് ഉപഹാരം കൈമാറി. സ്കൂളിലെ അഞ്ചാംതരം മുതൽ 12 വരെ ക്ലാസുകളിൽനിന്നുള്ള വിദ്യാർഥികളാണ് ഖുർആൻ ഹൃദിസ്ഥമാക്കിയത്.
സ്കൂൾ അറബിക് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി ഉസ്മാൻ മയ്യേരിയുടെ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദന സന്ദേശത്തിനും പിന്തുണക്കും സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, ജീവനക്കാർ എന്നിവർ നന്ദി അറിയിച്ചു.
വിവിധ പണ്ഡിതരുടെ കീഴിലാണ് സ്കൂളിലെ വിദ്യാർഥികൾ ഖുർആൻ പഠനം പൂർത്തിയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.