വിദ്യാഭ്യാസം: ഖത്തർ- മലേഷ്യ സഹകരണം
text_fieldsദോഹ: വിദ്യാഭ്യാസമേഖലയിൽ മലേഷ്യയും ഖത്തറും തന്ത്രപ്രധാന പങ്കാളിത്തത്തിന്. ഇത് ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് മലേഷ്യൻ വിദ്യാഭ്യാസമന്ത്രി ഡോ. മസ്ലീ മാലിക് പറഞ്ഞു. മലേഷ്യൻ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഥമ ഖത്തർ സന്ദർശനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസമേഖലയിൽ സഹകരണം ശക്തമാക്കിക്കൊണ്ട് ഖത്തറും മലേഷ്യയും ചരിത്രം സൃഷ്ടിക്കുകയാണെന്നും ഈ മേഖലയിൽ രാജ്യത്തിെൻറ തന്ത്രപ്രധാന പങ്കാളിയായി ഖത്തറിനെ കാണാനാണ് താൽപര്യപ്പെടുന്നതെന്നും പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ഭാവിതലമുറയെ മികവോടെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസമേഖലയിലെ പരിചയസമ്പത്ത് അറിയുന്നതിനും വിദ്യാഭ്യാസമേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്നും വേണ്ടിയാണ് ഖത്തർ സന്ദർശിക്കുന്നത്.
ഖത്തറിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ മലേഷ്യയിൽ ഉപരിപഠനം നടത്തുന്നുണ്ട്. ഇരുരാജ്യങ്ങൾക്കും സഹകരണത്തിലൂടെ ഗുണം ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
സ്റ്റുഡൻറ് എക്സേഞ്ച്, ലെക്ചർ എക്സേഞ്ച്, ടീച്ചേഴ്സ് എക്സേഞ്ച് തുടങ്ങിയ പുതിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിലേക്കാണ് മലേഷ്യ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഖത്തർ സന്ദർശനത്തിനിടെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമ്മാദിയുമായും ഖത്തർ യൂനിവേഴ്സിറ്റി അധികൃതരുമായും മലേഷ്യൻ വിദ്യാഭ്യാസമന്ത്രി ഡോ. മാലികി കൂടിക്കാഴ്ച നടത്തിയിരുന്നു. ജപ്പാനടക്കമുള്ള വിവിധ രാജ്യങ്ങളുമായി തുടർന്നു പോരുന്ന സംയുക്ത വിദ്യാഭ്യാസ പരിപാടിയുടെ സാധ്യതകൾ അദ്ദേഹം ഖത്തർ യൂനിവേഴ്സിറ്റിയുമായുള്ള കൂടിക്കാഴ്ചക്കിടെ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഖത്തറിൽ മലേഷ്യൻ സർവകലാശാലകളുടെ ഓഫ് കാമ്പസുകൾ സ്ഥാപിക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.