തൊഴിൽമേഖലയുടെ മാറ്റത്തിനൊപ്പം വിദ്യാഭ്യാസ സംവിധാനം നവീകരിക്കണം –ജെ.കെ. മേനോൻ
text_fieldsദോഹ: ലോകത്തിന് നിലവിൽ പരിചിതമല്ലാത്ത നവീന തൊഴിൽ മേഖലകളിലേക്കാവും വരുംതലമുറകൾ നടന്നടുക്കുകയെന്ന് നോർക്ക ഡയറക്ടറും എ.ബി.എന്‍ ഗ്രൂപ് ചെയർമാനുമായ ജെ.കെ. മേനോൻ. കോവിഡാനന്തര ലോകത്തെ നൂതന തൊഴില്‍സാധ്യത തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചംവീശാനും ലക്ഷ്യമിട്ട് കേരളസർക്കാറിൻെറ നോര്‍ക്ക വകുപ്പും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേർ ഓഫ് േകാമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) സംയുക്തമായി സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസ് പ്രവർത്തനങ്ങൾ ക്ലൗഡിലേക്ക് മാറുന്ന കാലഘട്ടമാണ്.
ലോകത്ത് കമ്പനികളുടെ എണ്ണം വർധിക്കുന്നതിനാൽ ക്ലൗഡ് കമ്പ്യൂട്ടിങ്ങിലെ വൈദഗ്ധ്യത്തിന് വലിയ ഡിമാൻഡാണുള്ളത്. സാങ്കേതികവിദ്യ, ഇൻറർനെറ്റ്, ആർട്ടിഫിഷൽ ഇൻറലിജൻസ്, ഓട്ടോമേഷൻ തുടങ്ങിയവ കരിയർ മേഖലയെത്തന്നെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെലവ് കുറക്കാനും വർക്ഫ്ലോകൾ കാര്യക്ഷമമാക്കാനും കൃത്യമായി ഡാറ്റകള്‍ ശേഖരിച്ചുവെക്കാനും ആർട്ടിഫിഷൽ ഇൻറലിജൻസ്, മെഷീൻ ലേണിങ് എന്നീ മേഖലകളിലെ വിദഗ്ധർക്ക് ഉയർന്ന ഡിമാൻഡാണ്. ഇത്തരം വൈദഗ്ധ്യമുള്ളവര്‍ക്ക് സോഫ്റ്റ്വെയർ ഡിസൈൻ, സ്റ്റാറ്റിസ്റ്റിക്സ് കോഡിങ്, എൻജിനീയറിങ് തുടങ്ങിയ സമാന മേഖലകളിൽ തൊഴില്‍ നേടാന്‍ അവസരങ്ങള്‍ ഏറെയാണ്. ലോകം പുതിയ രീതിയിൽ മാറിയെന്നും കോവിഡിന് ശേഷമുള്ള ലോകം മുമ്പത്തെപ്പോലെ ആയിരിക്കില്ലെന്നും ജെ.കെ. മേനോൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, മുൻ വ്യവസായ മന്ത്രി എ.സി. മൊയ്‌തീൻ എം.എൽ.എ എന്നിവരും ഗൾഫാർ മുഹമ്മദ് അലി, എം.എ. യൂസുഫ് അലി, രവി പിള്ള, ആസാദ് മൂപ്പൻ, ഡോ. മോഹൻ തോമസ്, രവി ഭാസ്കരൻ, ഷംലാൽ അഹമ്മദ്, ഖത്തർ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ തുടങ്ങി ലോകമെമ്പാടുമുള്ള വ്യാപാര-വ്യവസായ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, അമിത് വാത്സ്യായൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.