കുട്ടികൾക്ക് അറിവും വിനോദവുമായി വേനൽ ക്യാമ്പുകൾ
text_fieldsദോഹ: വേനലവധിക്കാലത്ത് കുട്ടികൾക്ക് പുതിയ പാഠങ്ങളും പരിശീലനങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയവും കായിക-യുവജന മന്ത്രാലയവും സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിൽ ശ്രദ്ധേയമായ പങ്കാളിത്തം.
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ വൈവിധ്യമാർന്ന പരിശീലന പരിപാടികളാണ് ഒരുക്കിയത്. തുടർച്ചയായി രണ്ടാം വർഷം നടക്കുന്ന മന്ത്രാലയത്തിന്റെ സമ്മർ സെൻറർ പ്രോഗ്രാം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വിവിധ കേന്ദ്രങ്ങളിലായി ആഗസ്റ്റ് 16 വരെ തുടരും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കായിക, യുവജന മന്ത്രാലയവുമായി സഹകരിച്ച് വിദ്യാർഥികൾക്കായി അഞ്ചു കേന്ദ്രങ്ങളും വിദ്യാർഥിനികൾക്കായി രണ്ടു കേന്ദ്രങ്ങളുമാണ് സമ്മർ പ്രോഗ്രാമിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസകാര്യ അസി. അണ്ടർ സെക്രട്ടറി മഹാ അൽ റുവൈലി പറഞ്ഞു.
സ്വദേശികളുടെയും താമസക്കാരുടെയും കുടുംബങ്ങളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളുമടക്കം രണ്ടായിരത്തോളം പേരാണ് ക്യാമ്പുകൾക്കായി രജിസ്റ്റർ ചെയ്തത്. വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഒഴിവുസമയം പ്രയോജനപ്പെടുത്തുന്നതിനുമായി എല്ലാ മേഖലകളിലും വൈവിധ്യപൂർണവും ലക്ഷ്യബോധമുള്ളതുമായ പ്രവർത്തനങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് വിദ്യാഭ്യാസകാര്യ അസി. അണ്ടർ സെക്രട്ടറി പറഞ്ഞു.
വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. രക്ഷിതാക്കൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും മെച്ചപ്പെടുത്താനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും ക്യാമ്പ് പ്രയോജനപ്പെടുത്താമെന്ന് അൽ റുവൈലി വ്യക്തമാക്കി.
കായിക യുവജനകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം, കുടുംബകാര്യ വകുപ്പ് എന്നിവരുടെയും സമ്മർ ക്യാമ്പുകളുമായി സഹകരിക്കുന്ന പൊതു, സ്വകാര്യ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നതായി അൽ റുവൈലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.