കാര്യക്ഷമമായി ഖത്തറിലെ പി.എച്ച്.സി.സി സേവനങ്ങൾ
text_fieldsദോഹ: ഏപ്രിൽ 19 മുതൽ 27വരെയുള്ള ഈദ് അവധിക്കാലത്ത് ഖത്തറിലെ 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിച്ചതായി അധികൃതർ. നീണ്ട അവധിനാളിലും സേവനത്തിന് മുടക്കമില്ലാതെ ഉണർന്നിരുന്ന പി.എച്ച്.സി.സികളിൽ 32,000 പേർ ചികിത്സതേടി.
ഈ അവധികാലത്ത് തുറന്നു പ്രവർത്തിക്കുമെന്ന് അറിയിച്ച പി.എച്ച്.സി.സികളിലായിരുന്നു ഇത്രയും പേർ ചികിത്സ തേടിയെത്തിയത്. ഈദ് അവധിക്കാലത്ത് കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ആഘോഷത്തിനിടയിലും അടിയന്തര ആരോഗ്യ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ തിരഞ്ഞെടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സാസൗകര്യം സജ്ജമാക്കിയത്.
ജനറൽ ആൻഡ് ഫാമിലി മെഡിസിൻ വിഭാഗത്തിൽ 21,754 പേരാണ് ഒമ്പത് ദിവസത്തിനുള്ളിൽ ചികിത്സതേടിയെത്തിയത്. ജനറൽ ഡെന്റൽ ക്ലിനിക്കിൽ 1378 പേരുമെത്തി. ഒപ്റ്റോമെട്രി, ഡെർമറ്റോളജി, പ്രീ മാരിറ്റൽ പരിശോധന, ഫാർമസ്യൂട്ടിക്കൽ, എക്സ്റേ, ലബോറട്ടറി തുടങ്ങി സ്പെഷലൈസ്ഡ് സേവനങ്ങളും അവധികാലത്ത് പി.എച്ച്.സി.സിക്കു കീഴിൽ ലഭ്യമാക്കി.
അടിയന്തരഘട്ടങ്ങളിൽ ആശുപത്രികളിൽ നേരിട്ട് എത്താതെതന്നെ വെർച്വൽ പരിശോധന സൗകര്യവും ഒരുക്കിയിരുന്നു. എമർജൻസി നമ്പറുകളിലെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ മുൻകൂർ ബുക്കിങ് ഇല്ലാതെ 1014 വെർച്വൽ പരിശോധന സൗകര്യമാണ് അവധിക്കാലത്ത് നൽകിയത്. ഇതിനു പുറമെ, കോവിഡ് വാക്സിനേഷൻ ഉൾപ്പെടെയുള്ള സേവനങ്ങളും ഈദ് അവധികാലത്ത് നൽകിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.