റമദാനു മുമ്പ് വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമം ഊർജിതം -മന്ത്രി ലുൽവ അൽഖാതിർ
text_fieldsദോഹ: റമദാനു മുമ്പ് ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമങ്ങൾ ഖത്തറിന്റെ മധ്യസ്ഥതയിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ.
മൂന്നാമത് അന്റാലിയ നയതന്ത്ര ഫോറത്തിന്റെ ഭാഗമായി തുർക്കി വിദേശകാര്യ ഉപമന്ത്രി ഇക്രെം സെറിം, ആഭ്യന്തര സഹമന്ത്രി മുനീർ കരലോഗ്ലു എന്നിവരുമായി നടത്തിയ ചർച്ചക്കിടെ സംസാരിക്കുകയായിരുന്നു അവർ.
ഗസ്സയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ, മേഖലയിലെ മാനുഷിക സാഹചര്യങ്ങൾ, ദുരിതാശ്വാസ സഹായമെത്തിക്കുന്നതിലെ ഖത്തർ-തുർക്കിയെ സഹകരണം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. ഉപരോധം, ബോംബാക്രമണം എന്നിവ കാരണം വടക്കൻ ഗസ്സ കടുത്ത ക്ഷാമത്തിന്റെ വക്കിലാണെന്നും അവർ ചൂണ്ടിക്കാട്ടി. ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പങ്കാളികളുമായുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും റമദാനു മുമ്പ് യുദ്ധം അവസാനിപ്പിക്കുന്നതിന് കരാറിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
തുർക്കിയയുമായി സഹകരിച്ച് വികസനം, മാനുഷിക സഹായം എന്നീ മേഖലകളിൽ ഖത്തറിന്റെ സഹകരണം തുടരാനുള്ള രാജ്യത്തിന്റെ ആഗ്രഹവും ലുൽവ അൽ ഖാതിർ ചർച്ചക്കിടെ വ്യക്തമാക്കി.അതേസമയം, തുർക്കിയ റിപ്പബ്ലിക് വിദേശകാര്യ ഉപമന്ത്രി റമദാനു മുമ്പും റമദാനിലും ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും ചർച്ചക്കിടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.