ഖത്തർ വിമാനങ്ങൾക്കായി ഈജിപ്തും വ്യോമാതിർത്തി തുറന്നു
text_fieldsദോഹ: ഖത്തർ വിമാനങ്ങൾക്കായി ഈജിപ്ത് തങ്ങളുടെ വ്യോമാതിർത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസർവീസുകൾക്ക് അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്ത് ഔദ്യോഗിക മാധ്യമവും റിപ്പോർട്ട് ചെയ്തു. ജി.സി.സി ഉച്ചകോടിയിൽ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എ.ഇ, ബഹ്റൈൻ, സൗദി, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ അൽ ഉല കരാറിൽ ഒപ്പുവെച്ചതോടെയാണിത്.
ഈജിപ്ത് ഖത്തറിനായി തങ്ങളുടെ വ്യോമാതിർത്തി തുറന്നതോടെ ഇരുരാജ്യങ്ങളിലെയും വിമാനകമ്പനികൾക്ക് പരസ്പരം സർവീസ് നടത്താനാകുമെന്ന് ഈജിപ്ത് ദേശീയമാധ്യമമായ 'അൽഅഹ്റം' പത്രം റിപ്പോർട്ട് ചെയ്തു. ഇക്കാര്യം വ്യോമയാനമേഖലയിെല വിദഗ്ധനായ അലെക്സ് മകറാസും ട്വീറ്റ് െചയ്തു. ഇതോടെ ചരക്കുനീക്കവും ആരംഭിക്കുമെന്ന് വ്യേമായാനമന്ത്രാലയം അധികൃതരും പറയുന്നു. മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷമാണ് ഈജിപ്ത് വ്യോമയാന മേഖല ഖത്തറിനായി തുറന്നിരിക്കുന്നത്.
ഖത്തറുമായുള്ള എല്ലാ ഗതാഗതവും സൗദി ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്. ഖത്തർ എയർവേയ്സും സൗദിയയും ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാനസർവീസുകൾ തുടങ്ങിക്കഴിഞ്ഞു.
റിയാദിലേക്കും ദമാമിലേക്കും എല്ലാദിവസവും ഖത്തർ എയർവേയ്സ് സർവീസ് നടത്തും. ജിദ്ദയിലേക്ക് ആഴ്ചയിൽ ഏഴ് തവണയും സർവീസ് ഉണ്ടാകും.
സൗദിയിൽ നിന്ന് ഖത്തറിലേക്കുള്ള സർവീസുകൾ സൗദിയ എയർലൈൻസും പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്ചയിൽ ഏഴ് സർവിസുകളായിരിക്കും ഉണ്ടാകുക. റിയാദിൽ നിന്ന് ആഴ്ചയിൽ നാല് വിമാനങ്ങളും ജിദ്ദയിൽ നിന്ന് ആഴ്ചയിൽ മൂന്ന് വിമാനങ്ങളും.
ഉപരോധം അവസാനിപ്പിച്ചതിന് ശേഷം ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള നേരിട്ടുള്ള ആദ്യവിമാനം തിങ്കളാഴ്ച റിയാദിൽ എത്തിയിരുന്നു. യാത്രക്കാരെ റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ സൗദിയിലെ ബന്ധുക്കളും ഉദ്യോഗസ്ഥരും ഹൃദ്യമായാണ് വരവേറ്റത്. മൂന്നരവർഷത്തിന് ശേഷം ആദ്യമായാണ് പലരും നേരിൽ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.