ഖത്തറിലെ ഗസ്സക്കാർക്ക് പെരുന്നാൾ പൊലിവ്
text_fieldsദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീനികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി വിപുലമായ ഈദാഘോഷ പരിപാടികൾ സംഘടിപ്പിച്ച് ഖത്തർ കുടുംബ, സാമൂഹിക ക്ഷേമ മന്ത്രാലയം. ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയം, സകാത് ഫണ്ട്, ഖത്തർ ചാരിറ്റി എന്നിവരുമായി സഹകരിച്ചാണ് ഈദ് ദിനത്തിൽ ഗസ്സ നിവാസികളെ ചേർത്തുപിടിച്ച് വൈവിധ്യമാർന്ന ആഘോഷപരിപാടികൾ കോർത്തിണക്കിയത്. എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷനും (ഇ.എ.എ) പ്രാദേശിക സ്ഥാപനങ്ങളും ചേർന്ന സംയുക്തമായി അവർക്ക് ഈദിനോടനുബന്ധിച്ച പുതുവസ്ത്രങ്ങൾ വിതരണം ചെയ്തിരുന്നു. ഗസ്സയിൽ കടുത്ത ദുരിതമനുഭവിക്കേണ്ടിവന്ന കുടുംബങ്ങൾക്ക് മാനസികവും ധാർമികവുമായ പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരിപാടി നടത്തിയത്. യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും ഫലമായി ശാരീരിക, മാനസിക പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ ഹൃദയങ്ങളിൽ ഈദ് ദിനത്തിൽ സന്തോഷം കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. അവർ കടന്നുപോയ പ്രയാസകരമായ സമയങ്ങൾക്ക് പകരം ജീവിതത്തിൽ നല്ല സമയങ്ങളും അനുഭവങ്ങളും സമ്മാനിക്കാനായിരുന്നു ശ്രമം എന്ന് അധികൃതർ വ്യക്തമാക്കി. സകാത് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുടുംബങ്ങൾക്കും കുട്ടികൾക്കും ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കും ഈദിയ്യ (ഈദ് സമ്മാനങ്ങൾ) വിതരണം ചെയ്തു. ഉച്ച ഭക്ഷണത്തിന് അവരെ അതിഥികളായി ക്ഷണിച്ച് ആദരിക്കാനും പ്രത്യേക കരുതലുണ്ടായി. ഹമദ് മെഡിക്കൽ കോർപറേഷൻ ഖത്തറിലെ ഗസ്സക്കാരായ കുട്ടികൾക്കായി വിനോദ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ബൈത് അൽ ദിഫായയിൽ നടന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.