ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ആഘോഷമായി ‘ബല്ല്യര്ന്നാള്’
text_fieldsദോഹ: തനിമ ഖത്തർ സംഘടിപ്പിച്ച ബലിപെരുന്നാളാഘോഷം ‘ബല്ല്യര്ന്നാള്’ ഫലസ്തീൻ പോരാളികളോടുള്ള ഐക്യദാർഢ്യപ്രഖ്യാപനം കൂടിയായി. ആദ്യവസാനം സ്കിറ്റിലൂടെ കഥ പറഞ്ഞ് ഒപ്പന, ഗസൽ, ഖവാലി, കോൽക്കളി, ഗാനങ്ങൾ, ദഫ് മുട്ട് തുടങ്ങി രണ്ടര മണിക്കൂർ നീണ്ട വിവിധ കലാപരിപാടികൾ ഇടവേളകളില്ലാതെ അരങ്ങിലെത്തിയപ്പോൾ പൊഡാർ പേൾ സ്കൂൾ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിന് പുതു കാഴ്ചയായി.
അവസാനത്തിൽ ഫലസ്തീൻ ചരിത്രവും അവസ്ഥകളും മ്യൂസിക്കൽ ഡ്രാമയിലൂടെ അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാരുടെ കണ്ണുനിറഞ്ഞു. തനിമ സെക്രട്ടറി മുഹ്സിൻ കാപ്പാടനാണ് സ്കിറ്റിന്റെ രചന നിർവഹിച്ചത്. ലത്തീഫ് വടക്കേകാട് മ്യൂസിക്കൽ ഡ്രാമ സംവിധാനം ചെയ്തു. ഒരു വലിയ തറവാട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ ഒത്തുകൂടുന്ന കുടുംബങ്ങളും കുട്ടികളും, അവരുടെ ആഘോഷമായാണ് ‘ബല്ല്യര്ന്നാൾ’ അവതരിപ്പിച്ചത്. ഹൈദ്റൂസ് ഹാജിയായി അക്ബറലിയും കാര്യസ്ഥൻ കണാരനായി ഫജറുദ്ദീനും, വെപ്പുകാരനായി നബീലും സഹായിയയി ഷജീറും വേഷമിട്ടപ്പോൾ മകനായി ഷംസാദും പേരക്കുട്ടികളായി ഇഷാൻ സൽമാനും അമീൻ ശരീഫും മികച്ച പ്രകടനം നടത്തി.
സി.ഐ.സി, യൂത്ത് ഫോറം, വിമൻ ഇന്ത്യ, സ്റ്റുഡൻറ്സ് ഇന്ത്യ, ഗേൾസ് ഇന്ത്യ, മലർവാടി എന്നിവയിൽ നിന്നുള്ള നൂറിലധികം കലാകാരന്മാരാണ് വിവിധ പരിപാടികളിൽ വേദിയിലെത്തിയത്. ഫലസ്തീൻ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ നേർക്കാഴ്ചകളായി മാറിയ പെയിന്റിങ്ങുകളുടെയും ചിത്രങ്ങളുടെയും ക്രാഫ്റ്റുകളുടെയും പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ദോഹയിലെ പ്രമുഖ ചിത്രകാരൻ ബാസിത് ഖാന്റെ നേതൃത്വത്തിൽ ഷെഫീഖ്, മുഹ്സിന ശരീഫ്, ഷബ്ന ജവാദ്, മുഹ്സിന ജാസിദ്, റജില ഹാശിം, ഫായിസ് എന്നിവരാണ് പ്രദർശനം അണിയിച്ചൊരുക്കിയത്.
തനിമ ഡയറക്ടർ ഡോ. സൽമാൻ, അസി.ഡയറക്ടർ ജസീം, മുഹ്സിൻ കാപ്പാടൻ (തനിമ സെക്രട്ടറി) സാലിം വേളം, ജസീം ലക്കി, മുഹ്സിൻ, സാബിക്, അബ്ദുറഹീം (സാങ്കേതിക സഹായം) അബൂസ് പട്ടാമ്പി, കാമിൽ, ശാക്കിർ ശാന്തപുരം, അമീന നുസ്രത്ത്, നസീമ, ഇസ്മാഈൽ, ശരീഫ് ചെറക്കൽ, ഗഫൂർ (സ്റ്റേജ് ഏകോപനം), ബബിന ബഷീർ, ഷഫ്ന വാഹിദ്, അഹ്സാന, അജ്മൽ വടക്കാങ്ങര (പ്രോഗ്രാം) സിദ്ദീഖ് (വളന്റിയർ) തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.