സന്തോഷപ്പെരുന്നാൾ
text_fieldsദോഹ: കോവിഡ് മഹാമാരിയെയും പിടിച്ചുകെട്ടി, ആത്മവിശ്വാസത്തോടെ നാട് ബലിപെരുന്നാളിലേക്ക്. വാക്സിനേഷൻ നടപടികളിൽ ഏറെ മുന്നേറി, കോവിഡ് വ്യാപനത്തോത് ഏറ്റവും കുറഞ്ഞ നിലയിലെത്തിച്ചു. നിയന്ത്രണങ്ങളുടെ മൂക്കുകയറുമില്ല. പുതിയ യാത്രനയം പ്രഖ്യാപിച്ച് ഇളവുകൾ പ്രാബല്യത്തിൽ വരുകയും ചെയ്തതോടെ ഖത്തറിൽ പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസത്തിൻെറ പെരുന്നാൾ സുദിനം കൂടിയാണിത്.
രാവിലെ 5.10ന് പെരുന്നാൾ നമസ്കാരങ്ങൾ. രാജ്യത്തിൻെറ എല്ലാ കോണുകളിലുമായി പള്ളികളും ഈദ്ഗാഹുകളുമായി 924 കേന്ദ്രങ്ങൾ നമസ്കാരത്തിന് സജ്ജമായിക്കഴിഞ്ഞു. ഇതുസംബന്ധിച്ച പട്ടിക കഴിഞ്ഞ ദിവസം മതകാര്യ മന്ത്രാലയം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
നമസ്കാരത്തിനെത്തുന്നവർ കോവിഡ് ചട്ടങ്ങൾ പൂർണമായി പാലിക്കണമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാവരും മാസ്ക് ധരിച്ചും മുസല്ലകൾ കരുതിയും അംഗശുദ്ധി വരുത്തിയുമാവണം പള്ളിയിലെത്തേണ്ടത്. ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കണം. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് കാണിക്കണം. പള്ളികളുടെയും നമസ്കാരഗ്രൗണ്ടുകളുടെയും പ്രവേശനകവാടത്തിൽ ഇത് പരിശോധിക്കും.
12 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനമുണ്ടാകില്ല. പള്ളികളിലെയും മൈതാനങ്ങളിലെയും സ്ത്രീകൾക്കുള്ള നമസ്കാര ഇടങ്ങൾ അടഞ്ഞുതന്നെ കിടക്കും. സ്ത്രീകൾ വീടുകളിൽനിന്ന് നമസ്കാരം നിർവഹിക്കണമെന്നാണ് നിർദേശം. പെരുന്നാളിന് മുന്നോടിയായി 'ബലദിയ' നേതൃത്വത്തിൽ രാജ്യത്തെ പള്ളികളും നമസ്കാര സ്ഥലങ്ങളും ശുചീകരിച്ചു. ദിവസങ്ങൾക്കു മുേമ്പതന്നെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണം പൂർത്തിയാക്കി.
ആഘോഷത്തിലും ജാഗ്രതവേണം
വാക്സിൻ ലഭിച്ചതിൻെറ ആത്മവിശ്വാസത്തിൽ പെരുന്നാൾ ആഘോഷത്തിൽ മതിമറക്കരുതെന്ന് ആരോഗ്യ മന്ത്രാലയത്തിൻെറ മുന്നറിയിപ്പ്. കോവിഡ് ജാഗ്രത കൈവിടരുതെന്നും പ്രോട്ടോകോൾ പാലിക്കണമെന്നും പ്രൈമറി ഹെൽത്കെയർ കോർപറേഷൻ അറിയിച്ചു.
പെരുന്നാൾ നമസ്കാര സ്ഥലങ്ങൾ, പൊതു ഇടങ്ങൾ, പാർക്കുകൾ എന്നിവടങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക് അണിയുകയും വേണം. ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണം.
കോവിഡ് നിയന്ത്രണങ്ങളിൽ മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചതോടെ, ഇൻഡോർ പരിപാടികളിൽ വാക്സിനേറ്റഡ് ആയ 15ഉം വാക്സിനേറ്റഡ് അല്ലാത്ത അഞ്ചും പേർക്ക് പങ്കെടുക്കാം. ഔട്ട്ഡോർ പരിപാടികളിൽ രണ്ട് ഡോസും സ്വീകരിച്ച 30 പേർക്കും വാക്സിൻ എടുക്കാത്ത 10 പേർക്കുമാണ് ഒരേസമയം പങ്കെടുക്കാൻ അനുമതി.എന്നാൽ, സമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.