വലിയ സന്തോഷത്തിന്റെ ബലിപെരുന്നാൾ
text_fieldsദോഹ: സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളും പാഠങ്ങളുമായി വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു. രാവിലെ തന്നെ മസ്ജിദുകളിലേക്കും ഈദ് ഗാഹുകളിലേക്കും ഒഴുകിയ ജനങ്ങൾ തക്ബീർ ധ്വനികളാൽ ഭക്തിസാന്ദ്രമാക്കി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ അതിരാവിലെ ഈദുഗാഹുകളിലെത്തി.
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഉദാത്ത മാതൃകയായ ഇബ്റാഹീം നബിയുടെ പാത പിന്തുടരാൻ ഇമാമുമാർ പെരുന്നാൾ ഖുതുബയിൽ വിശ്വാസികളെ ഉണർത്തി. ഗസ്സയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പീഡനം അനുഭവിക്കുന്നവർക്കായി പ്രാർഥനകൾ ഉയർന്നു. രാവിലെ 4.58നായിരുന്നു ഖത്തറിൽ പെരുന്നാൾ നമസ്കാരം. 675 പള്ളികളിലും വിവിധ ഈദ് ഗാഹ് മൈതാനങ്ങളിലും ബലി പെരുന്നാൾ നമസ്കാരത്തിന് എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമികകാര്യ മന്ത്രാലയം (ഔഖാഫ്) വിപുലമായ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിലെ ഈദ് ഗാഹിൽ നമസ്കാരത്തിനെത്തി. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഈദ് ഗാഹിൽ ആയിരങ്ങൾ പങ്കുകൊണ്ടു. ഇവിടെ നമസ്കാര ശേഷം ഖത്തർ ഫൗണ്ടേഷൻ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ ഗെയിംസ്, ആക്ടിവിറ്റികൾ സംഘടിപ്പിച്ചു. വൈകീട്ട് ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹബന്ധം പുതുക്കി പ്രവാസി സമൂഹം ബലി പെരുന്നാൾ ജനം കൊണ്ടാടി. വാരാന്ത അവധികൾ കൂടി ചേർത്ത് ഒമ്പത് ദിവസം ഒഴിവ് ലഭിച്ചതിനാൽ ധാരാളം പ്രവാസികൾ നാട്ടിൽ പോയിട്ടുണ്ട്.
ധാരാളം സ്വദേശികൾ വിദേശ യാത്രയിലാണ്. കനത്ത ചൂടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ. അതുകൊണ്ടുതന്നെ പകലിലെ സംഗമങ്ങളും ആഘോഷ പരിപാടികളും കാര്യമായി ഉണ്ടായില്ല. രാവിലെ ഹോട്ടലുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു.
സംഗീത പരിപാടികൾ മുതൽ വെടിക്കെട്ടും കുട്ടികളുടെ കലാ പരിപാടികളും ഉൾപ്പെടെ വൈവിധ്യമാർന്ന പെരുന്നാൾ ആഘോഷങ്ങളാണ് പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിൽ നടക്കുന്നത്. ചൈന, സിറിയ, മൊറോക്കോ, ജോർഡൻ എന്നീ രാജ്യങ്ങളിൽ നിന്നും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള കലാ സംഘങ്ങളുടെ പ്രകടനവും പരമ്പരാഗത ഖത്തരി അർദാ നൃത്തവും പൊലീസ് മ്യൂസിക് ബാൻഡിന്റെ പ്രത്യേക പ്രദർശനവും അവധി ദിവസങ്ങളിൽ കതാറയിൽ നടക്കും. ഖത്തർ നാഷനൽ മ്യൂസിയം, അൽ ശഖാബ് കുതിരസവാരി കേന്ദ്രം തുടങ്ങിയവ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രവാസി കൂട്ടായ്മകളുടെ പെരുന്നാൾ ആഘോഷ പരിപാടികളും സംഗമങ്ങളും നിരവധിയാണ്. ദോഹയുടെ വിവിധ ഭാഗങ്ങളിലും പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് ഖത്തർ ടൂറിസം നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.