മൈലാഞ്ചിയും പുത്തൻ ഉടുപ്പുമായി ‘ഈദ് ബസാർ’
text_fieldsദോഹ: മൈലാഞ്ചി ചുവപ്പിന്റെ മൊഞ്ചും, പുതുവസ്ത്രങ്ങളുടെ വൈവിധ്യവും തുകൽ, കരകൗശല വസ്തുക്കളുമായി ഇന്ത്യൻ കൾചറൽ സെന്റർ സംഘടിപ്പിച്ച ഈദ് ബസാർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഞായർ, തിങ്കൾ ദിവസങ്ങളിലായി ഐ.സി.സി അശോകഹാളിലും പരിസരങ്ങളിലുമായി നടന്ന ‘ഈദ് ബസാർ’ തിരക്കും ആവശ്യവും പരിഗണിച്ച് മൂന്നാം ദിനമായ ചൊവ്വാഴ്ചയും സജീവമായി. ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് പെരുന്നാൾ ഒരുക്കങ്ങളുടെ വൈവിധ്യമൊരുക്കിയാണ് ഐ.സി.സി നേതൃത്വത്തിൽ ഈദ് ബസാറും മെഹന്ദി നൈറ്റും ഒരുക്കിയത്. ദിവസവും വൈകുന്നേരം ആറ് മുതൽ രാത്രി 10 വരെ നീണ്ട പരിപാടിയിൽ സന്ദർശക സാന്നിധ്യം ശ്രദ്ധേയമായി.
രാത്രിയിലെ മൈലാഞ്ചി ഇടലിനായിരുന്നു തിരക്കേറെയും. മലയാളികളും ഇന്ത്യയുടെ വിവിധ ഇടങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമെത്തിയാണ് കൈകളിൽ മൈലാഞ്ചി ചോപ്പുമായി മടങ്ങുന്നത്. ഇവക്കു പുറമെ, ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യ സ്റ്റാളുകൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിൽപനയുമുണ്ട്. ഞായറാഴ്ച നടന്ന ചടങ്ങിൽ അംബാസഡർ വിപുൽ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സുബ്രഹ്മണ്യ ഹെബ്ബഗേലു, സതീഷ് പിള്ള, പി.എൻ. ബാബുരാജൻ, മോഹൻകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.