എങ്ങും പെരുന്നാളൊരുക്കം
text_fieldsദോഹ: റമദാനിലെ വ്രതനാളുകൾ വിടപറയാനൊരുങ്ങവെ പെരുന്നാൾ ദിവസത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഈദ് നമസ്കാരത്തിനായി പ്രാർഥന മൈതാനങ്ങൾ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾക്ക് വിവിധ നഗരസഭകൾ തുടക്കം കുറിച്ചു. ഈദ്ഗാഹ് വേദികൾ വൃത്തിയാക്കുന്നതിനും പൊതുസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പുവരുത്താനുമായി 2500 ജീവനക്കാരെ മുനിസിപ്പാലിറ്റി മന്ത്രാലയം വിന്യസിച്ചു. 300ലധികം വാഹനങ്ങളും പൊതുശുചിത്വം പാലിക്കുന്നതിന് സജ്ജമാക്കിയതായും മന്ത്രാലയത്തിന് കീഴിലെ പൊതു ശുചീകരണ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികൾ, ഈദ്ഗാഹ് മൈതാനങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചു.
പെരുന്നാളിനു മുന്നോടിയായി ചില കുടുംബങ്ങൾ വീട്ടുപകരണങ്ങളും ഫർണിച്ചറും മാറ്റുന്നതിനാൽ ഉപയോഗിച്ച വീട്ടുപകരണങ്ങൾ പോലുള്ള വലിയ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേക വാഹനങ്ങൾ വിന്യസിച്ചതായി പൊതുശുചിത്വ വിഭാഗം മേധാവി മുഖ്ബിൽ മദ്ഹൂർ അൽ ഷമ്മാരി പറഞ്ഞു.
പ്രധാന റോഡുകൾ, ബീച്ചുകൾ പോലുള്ള പൊതുസ്ഥലങ്ങൾ, പൊതു പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ശുചീകരണ പ്രവർത്തനങ്ങളുടെ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ മുഖ്ബിൽ അൽ ഷമ്മാരി കൂട്ടിച്ചേർത്തു.
ആഘോഷവേളയിൽ സുഗമമായ ശുചീകരണം ഉറപ്പാക്കാൻ 2526 തൊഴിലാളികളെ വിവിധ സംഘങ്ങളായാണ് വിന്യസിച്ചിരിക്കുന്നതെന്നും മാലിന്യം ശേഖരിക്കാൻ 96 സ്വീപ്പിങ് മെഷീനുകൾ, 242 വാഹനങ്ങൾ എന്നിവയും സജ്ജമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പുനരുപയോഗിക്കാവുന്ന വസ്തുക്കളും മാലിന്യങ്ങളും എടുക്കുന്നതിനായി ഇരുപതോളം വാഹനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
ദോഹ, റയ്യാൻ, അൽ ദആയിൻ, അൽഖോർ, ഉംസലാൽ, അൽ ഷീഹാനിയ, വക്റ തുടങ്ങിയ മുനിസിപ്പാലിറ്റികളിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ജീവനക്കാരെ നിയമിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. ശുചിത്വ നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനും നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കാനും മേലുദ്യോഗസ്ഥരും പരിശോധകരും പൊതുസ്ഥലങ്ങളിൽ ഉണ്ടായിരിക്കും.
പൊതു പാർക്കുകൾ, ബീച്ചുകൾ, വലിയ മാർക്കറ്റുകൾ തുടങ്ങി പെരുന്നാൾ ദിവസങ്ങൾ സന്ദർശകർ കൂടുതലായെത്തുന്ന സ്ഥലങ്ങളിലാണ് ശുചീകരണ പ്രവർത്തനം ഊർജിതമാക്കുക.
ഫിഫ ലോകകപ്പ് ഖത്തർ, ഖത്തർ ദേശീയദിനം, വലിയ സമ്മേളനങ്ങൾ തുടങ്ങിയ മുൻകാല പരിപാടികളിൽനിന്ന് ശുചീകരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വകുപ്പ് മികച്ച അനുഭവമാണ് നേടിയിരിക്കുന്നത്. ആഘോഷ വേളയിൽ ശുചിത്വം പാലിച്ചും നഗരത്തിന്റെ ഭംഗി ഉറപ്പാക്കിയും സുഗമമായ ശുചീകരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വിശുദ്ധ മാസത്തിലെ അവസാന പത്തു ദിവസങ്ങളിലാണ് നാമുള്ളതെന്നും ആത്മീയ മാസത്തിന്റെ ആദ്യദിനം മുതൽ മാലിന്യം വേർതിരിച്ചെടുക്കാനുള്ള മന്ത്രാലയത്തിന്റെ പരിപാടിയുടെ ഭാഗമായി പള്ളികളിലും റമദാൻ ടെന്റുകളിലും ശുചീകരണ പ്രവർത്തനത്തിൽ കൂടുതൽ ഊന്നൽ നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.