ഓൾഡ് പോർട്ടിൽ ഈദാഘോഷം കളറാകും
text_fieldsദോഹ: ഖത്തറിന്റെ പെരുന്നാൾ ആഘോഷങ്ങളുടെ പ്രധാന വേദിയാകാൻ ദോഹ ഓൾഡ് പോർട്ട്. ഒന്നാം പെരുന്നാൾ ദിനമായ ഞായറാഴ്ച മുതൽ എട്ട് ദിവസത്തെ ഈദാഘോഷ പരിപാടികളാണ് ഓൾഡ് ദോഹ പോർട്ട് ഒരുക്കുന്നത്. മിന ഡിസ്ട്രിക്ടിലും മിന പാർക്കിലുമായി ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന കലാ, സാംസ്കാരിക, പൈതൃക, വിനോദ പരിപാടികൾക്ക് ഞായറാഴ്ച തുടക്കമായി.
വൈകീട്ട് നാലിന് ആരംഭിക്കുന്ന പരിപാടികൾ രാത്രി 10 വരെ നീണ്ടുനിൽക്കും. സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കുന്നതോടൊപ്പം ഈദിനെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ ആസ്വദിക്കാനുള്ള അവസരമാണ് ഓൾഡ് ദോഹ പോർട്ട് നൽകുന്നത്.
വ്യത്യസ്ത കലാകാരന്മാരുടെ തത്സമയ സംഗീത പരിപാടികളും അൽ ബന്ദറിൽ അവതരിപ്പിക്കുന്ന പരമ്പരാഗത സമുദ്ര ബാൻഡ് പ്രകടനവും മിനയിലേക്കെത്തുന്ന അതിഥികളെയും സന്ദർശകരെയും സ്വാഗതം ചെയ്യും. കുട്ടികൾക്കുള്ള പ്രദർശനങ്ങൾ, കളിസ്ഥലങ്ങൾ, കുടുംബ സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയും ആഘോഷ പരിപാടികളോടനുബന്ധിച്ച് സംഘടിപ്പിക്കും. മിന പാർക്കിൽ (ടെർമിനലിന് പിറക് വശം) മാർച്ച് 27 മുതൽ ഏപ്രിൽ ആറു വരെ കുടുംബ കേന്ദ്രീകൃത മെഗാ പാർക്ക് കാർണിവൽ നടക്കും. റമദാനിൽ വൈകീട്ട് നാലു മുതൽ അർധരാത്രി 12 വരെയും റമദാനിന് ശേഷം ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തന സമയം. തത്സമയ പ്രദർശനങ്ങൾ, ഭീമൻ ഇൻഫ്ലേറ്റബിളുകൾ, ഗെയിമുകൾ, ഭക്ഷണ സ്റ്റാളുകൾ, ബസാർ എന്നിവ കാർണിവലിലുൾപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.