ഇനി ഈദുത്സവ ദിനങ്ങൾ
text_fieldsകതാറ കൾചറൽ വില്ലേജിലെ ഈദ് ദിന പരിപാടിയിൽ നിന്ന്
ദോഹ: റമദാനിന്റെ അവസാനത്തെ അടയാളപ്പെടുത്തിക്കൊണ്ട് പടിഞ്ഞാറൻ ചക്രവാളത്തിൽ ശവ്വാലമ്പിളി തെളിഞ്ഞതോടെ രാജ്യം ചെറിയ പെരുന്നാൾ ആഘോഷത്തിമർപ്പിൽ.
ഒന്നാം പെരുന്നാൾ ദിനമായ ഞായറാഴ്ച ഈദ് നമസ്കാരവും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും കഴിച്ച് പ്രവാസികളും സ്വദേശികളും ആഘോഷത്തിൽ സജീവമായി. ഇനിയുള്ള ഒരാഴ്ചക്കാലം വെടിക്കെട്ടും വർണാഭമായ കലാപരിപാടികളും, സംഗീത നിശകളും സാംസ്കാരിക ഉത്സവങ്ങളുമെല്ലാം ഒന്നിക്കുന്ന പെരുന്നാൾ ആഘോഷ ദിനങ്ങൾ.
താമസക്കാർക്കും സന്ദർശകർക്കും സാംസ്കാരിക, വിനോദ, സമൂഹഅനുഭവങ്ങളുടെ സമ്പന്നമായ പരിപാടികളാണ് ഇത്തവണ ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്. സൂഖ് വാഖിഫ്, കതാറ കൾചറൽ വില്ലേജ് പോലുള്ള സ്ഥലങ്ങളും പാർക്കുകളും ബീച്ചുകളും ഈദ് അവധിയെ സ്വാഗതം ചെയ്യാൻ നേരത്തേ തയാറായിക്കഴിഞ്ഞിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്, കുടുംബ സൗഹൃദ പരിപാടികൾ തുടങ്ങി പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന മറ്റു നിരവധി പരിപാടികൾക്കുമാണ് രാജ്യം വേദിയാകുന്നത്.
പെരുന്നാൾ ദിനത്തിൽ കതാറ കൾചറൽ വില്ലേജിലെത്തിയ ജനക്കൂട്ടം
കതാറയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞുതന്നെ സന്ദർശകരെ സ്വാഗതം ചെയ്തുതുടങ്ങി. പെരുന്നാൾ സമ്മാനം വിതരണം ചെയ്തും സന്ദർശകർക്കായി കലാപരിപാടികൾ ഒരുക്കിയുമാണ് കതാറയിലെ പെരുന്നാൾ.
ഉച്ചയോടെതന്നെ രാജ്യത്തെ 150ഓളം പാർക്കുകളും സന്ദർശകരാൽ നിറഞ്ഞു. ഈദ് അവധിക്കാലത്ത് രാത്രി വൈകിയും പാർക്കുകൾ തുറന്നുകൊടുക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫാമിലി പാർക്കുകൾ പുലർച്ച അഞ്ചു മുതൽ പിറ്റേന്ന് പുലർച്ച ഒന്നു വരെയും പൊതുപാർക്കുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
കതാറയിൽ സാംസ്കാരിക, കലാ, പൈതൃക ആഘോഷങ്ങൾ സമന്വയിപ്പിച്ചുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംഗീത, നാടക, കലാ, നാടോടി പ്രവർത്തനങ്ങളും വെടിക്കെട്ട്, കരകൗശല പ്രവർത്തനങ്ങളും പരമ്പരാഗത ഭക്ഷ്യ വിപണിയും കതാറയിലുണ്ടാകും. മൂന്നു ദിവസം നീളുന്ന പരിപാടികൾ ഏപ്രിൽ ഒന്നിന് അവസാനിക്കും. വൈകീട്ട് നാലു മുതൽ രാത്രി 10 വരെയാണ് ആഘോഷ പരിപാടികൾ പലയിടങ്ങളിലും സംഘടിപ്പിക്കുന്നത്.
മുശൈരിബ് ഡൗൺടൗൺ ദോഹയിൽ ഇത്തവണ വിപുലമായ ആഘോഷ പരിപാടികളാണുള്ളത്. ലുസൈൽ ബൊളേവാഡ് വേദിയാകുന്ന സ്കൈ ഫെസ്റ്റിവൽ മൂന്നിന് തുടങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.