പെരുന്നാൾ കുപ്പായത്തിലും ഗസ്സ
text_fieldsദോഹ: പെരുന്നാൾ ആഘോഷവേളയെ ഗസ്സയിലെ ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യമാക്കി മാറ്റുകയായിരുന്നു ഖത്തറിലെ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹം. പെരുന്നാൾ പ്രസംഗങ്ങളിലും പ്രാർഥനകളിലും ഗസ്സ നിറഞ്ഞപ്പോൾ, ഉടുപ്പിലും ഗസ്സക്കുള്ള ഐക്യദാർഢ്യം നിലനിർത്തി. അതിൽ ശ്രദ്ധേയമായിരുന്നു ഖത്തറിലെ മലയാളി കാലിഗ്രഫി കലാകാരനായ കരീംഗ്രഫി തയാറാക്കിയ ഈദ് സന്ദേശം. ഗസ്സയിലെ ഇസ്രായേൽ ആക്രമണ വേളയിൽ ഫലസ്തീന്റെ പ്രതീകമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന തണ്ണിമത്തൻ മാതൃകയിൽ ഈദ് മുബാറക് എന്ന് കാലിഗ്രഫി ചെയ്ത ചിത്രമായിരുന്നു പെരുന്നാളിന് ട്രെൻഡായി മാറിയത്. കരീംഗ്രഫി സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രം, ഡൗൺ ലോഡ് ചെയ്ത് ടീ ഷർട്ടുകളിൽ പ്രിന്റ് ചെയ്തായിരുന്നു ഖത്തറിലെ ഒരുകൂട്ടം പ്രവാസികൾ ഈദ് നമസ്കാരങ്ങൾക്കെത്തിയത്.
മലയാള സിനിമതാരം ഷെയ്ൻ നിഗം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരങ്ങളിലേക്ക് ചിത്രമെത്തിയതായി രചന നിർവഹിച്ച കരീംഗ്രഫി പറഞ്ഞു. ഈ ചിത്രം ആലേഖനം ചെയ്ത വസ്ത്രവുമായാണ് കരീമും സുഹൃത്തുക്കളും പെരുന്നാള്‍ നമസ്കാരത്തിനെത്തിയത്. ഫലസ്തീന് പതാകക്ക് സയണിസ്റ്റ് കേന്ദ്രങ്ങള്‍ വിലക്ക് പ്രഖ്യാപിച്ചപ്പോഴായിരുന്നു ഐക്യദാര്‍ഢ്യത്തിന്റെ ചിഹ്നമായി തണ്ണിമത്തന് സ്വീകാര്യത നേടിയത്. ഫലസ്തീൻ പതാകയിലെ കറുപ്പ്, ചുവപ്പ്, വെള്ള, പച്ച നിറങ്ങളെ, തണ്ണിമത്തൻ കൊണ്ട് പ്രതിനിധീകരിച്ചായിരുന്നു ലോകം എതിർപ്പുകൾക്ക് മറുപടി നൽകിയത്. ഫലസ്തീന് ഭൂപടമുള്ള വസ്ത്രങ്ങളും, ഫലസ്തീന് കഫിയയും അണിഞ്ഞും മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ പെരുന്നാൾ നമസ്കാരത്തിനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.