പെരുന്നാളിനെ വരവേൽക്കാം
text_fieldsവ്രതവിശുദ്ധിയുടെ പുണ്യനാളുകൾക്കൊടുവിൽ ആഘോഷത്തിന്റെ പെരുന്നാൾ പുലരിയെ വരവേൽക്കാനൊരുങ്ങി പ്രവാസി സമൂഹം. രണ്ടുവർഷത്തോളം കോവിഡ് മഹാമാരിയുടെ ദുരിതത്തിലായ നാളുകൾക്ക് വിട നൽകി, ഈദുൽ ഫിത്ർ ആഘോഷത്തിനൊരുങ്ങുകയാണ് സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ. തകൃതിയായ ഒരുക്കങ്ങളുമായി സർക്കാറും രംഗത്തുണ്ട്. ഷോപ്പിങ് മാളുകൾ, സൂഖുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസമായി രാത്രി വൈകുംവരെ അഭൂതപൂർവമായ തിരക്കാണ്. വിപണികളും സജീവം. പുത്തനുടുപ്പുകൾ വാങ്ങാനും പെരുന്നാൾ വിഭവങ്ങൾ ഒരുക്കാനും പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനുമായി സ്വദേശികളും ഷോപ്പിങ്ങിന് കൂട്ടമായിറങ്ങുന്നു. ഖത്തറിലെ പ്രധാന ഹൈപ്പർ മാർക്കറ്റുകളായ ലുലു, സഫാരി, ഗ്രാൻഡ് ഉൾപ്പെടെ പ്രധാന ഇന്ത്യൻ മാളുകളിലും ഖത്തരി വ്യാപാര കേന്ദ്രങ്ങളിലും കഴിഞ്ഞദിനങ്ങളിൽ വലിയ തിരക്കാണ്.
അവധി ആഘോഷിക്കാൻ ബീച്ചുകൾ
പെരുന്നാൾ അവധി ആഘോഷിക്കാനായി സ്വദേശികളും പ്രവാസികളും കൂട്ടത്തോടെ ഇറങ്ങാനിരിക്കെ ബീച്ചുകളുടെ സന്ദർശനം ക്രമീകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം.
കുടുംബങ്ങൾക്ക് മാത്രമായുള്ളത്, സ്ത്രീകൾക്ക് മാത്രം, തൊഴിലാളികൾക്കും ബാച്ചിലേഴ്സിനും എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന ബീച്ചുകളെ പെരുന്നാൾ അവധി ദിനങ്ങളിൽ ക്രമീകരിച്ചത്. കുടുംബങ്ങൾക്കായുള്ള ബീച്ചുകളിൽ മറ്റുള്ളവർ പ്രവേശിക്കുന്നത് കർശനമായി വിലക്കിയതായും അറിയിച്ചു. സീലൈനിൽ കുടുംബാംഗങ്ങൾക്കായി പ്രത്യേക മേഖലയും പൊതുജനങ്ങൾക്കായി മറ്റൊരു മേഖലയുമുണ്ട്.
കുടുംബങ്ങൾക്കുള്ള ബീച്ച്: അൽ വക്റ ബീച്ച്, അൽ ഫർകിയ (അൽഖോർ), സീലൈൻ, അൽ ഗാരിയ ബീച്ച്, അൽ ദകീറ, അബു ദലൂഫ് ബീച്ച്.
വനിതകൾക്ക് മാത്രം: സിമൈസ്മ ബീച്ച്, അൽ മംമ്ലഹ.
ബാച്ചിലേഴ്സ് - തൊഴിലാളികൾ: അൽ ഖറാജ് ബീച്ച്.
ആഘോഷങ്ങളോടെ കതാറ
ദോഹ: വെടിക്കെട്ടും അറബിക് നാടോടി ബാൻഡ്വാദ്യവും ഉൾപ്പെടെയുള്ള വർണാഭ പരിപാടികൾ ഒരുക്കി കതാറയും പെരുന്നാളിനെ വരവേൽക്കുന്നു. പെരുന്നാൾ ദിനത്തിൽ രാത്രി എട്ടിന് കതാറ കടൽ തീരത്താണ് വെടിക്കെട്ട്. കതാറ കോർണിഷിൽ 6.30ന് അറബിക് നാടോടി ബാൻഡ് വാദ്യം അരങ്ങേറും. ഷേക്സ്പിയർ സ്ട്രീറ്റ്, കതാറ സൗത്തിലെ പ്രധാന ഗേറ്റ് എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള പെരുന്നാൾ സമ്മാനങ്ങൾ വിതരണം ചെയ്യും. വൈകീട്ട് നാലുമണിക്കാണ് പരിപാടി. പെരുന്നാളിന്റെ രണ്ട്, മൂന്ന്, നാല് ദിനങ്ങളിൽ വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ പ്ലാനറ്റോറിയം പ്രദർശനവും മേയ് 10 മുതൽ 14 വരെ 'ഹലാൽഹം ദലാൽഹം' അവതരണവും നടക്കും.
കോർണിഷിലേക്ക് സന്ദർശകരൊഴുകും
ദോഹ: ഖത്തറിന്റെ പെരുന്നാൾ ആഘോഷ വേദിയായി മാറുന്ന ദോഹ കോർണിഷിലേക്ക് സന്ദർശകർ ഒഴുകിയെത്തും. ഖത്തർ ടൂറിസം നേതൃത്വത്തിൽ മേയ് മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലായി നടങ്ങുന്ന പരിപാടികളിൽ ദിവസവും 10,000 മുതൽ 15,000 വരെ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ബലൂൺ പരേഡ്, വെടിക്കെട്ട് എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ദിവസവും വൈകീട്ട് മൂന്നുമുതൽ 4.30 വരെ കോർണിഷിലേക്ക് പ്രവേശനം ആരംഭിക്കും. 4.30 മുതൽ 5.30 വരെ ഒരുമണിക്കൂറാണ് ബലൂൺ പരേഡ്. ക്ലാസിക് കാർട്ടൂൺ കഥാപാത്രങ്ങളായ സൂപ്പർ മാരിയോ, ഖത്തറിന്റെ സാംസ്കാരിക വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന തിമിംഗല സ്രാവുകൾ, പായ്ക്കപ്പൽ എന്നിവയുടെ മാതൃകയിലാണ് ബലൂൺ പരേഡുകൾ അണിനിരക്കുന്നത്. രാത്രി 7.30 മുതൽ ഒമ്പത് വരെ ഖത്തറിലെയും അറബ് ലോകത്തെയും കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടികളും കലാവിരുന്നുകളും അരങ്ങേറും. മേയ് മൂന്നിന് ഇറാഖി ഗായകൻ മഹ്മൂദ് അൽ തുർകി, നാലിന് ഖത്തർ ഗായകൻ നാസർ അൽ കുബൈസി, അഞ്ചിന് സൂൽതാൻ ഖലീഫ എന്നീ അറബ് ലോകത്തെ പ്രമുഖ കലാകാരന്മാർ അപൂർവമായ വിരുന്നൊരുക്കും. 'യെമ ഹിമെയ്ദി' എന്ന് തുടങ്ങുന്ന പോപ് ഗാനത്തിലൂടെ പ്രശസ്തനായ പാട്ടുകാരനാണ് ഇറാഖിൽ നിന്നുള്ള മഹ്മൂദ് അൽ തുർകി. 2006 ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലൂടെ ശ്രദ്ധേയനായി മാറിയ അൽ കുബൈസി നിലവിൽ രാജ്യത്ത് ഏറെ ആരാധകരുള്ള സംഗീതഞ്ജനാണ്. രാത്രി ഒമ്പതിനാണ് മൂന്നുദിവസവും വെടിക്കെട്ടിന് കോർണിഷ് വേദിയാവുന്നത്. ഇതിനുപുറമെ, രുചിവൈവിധ്യവുമായി ഭക്ഷ്യ സ്റ്റാളുകളും വിവിധ പരിപാടികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.