ഗസ്സയിലെ കുരുന്നുകൾക്കും വേണം പെരുന്നാൾ കോടി
text_fieldsദോഹ: പുത്തനുടുപ്പണിഞ്ഞും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും പെരുന്നാൾ ആഘോഷിക്കുമ്പോൾ അതിലൊരു പങ്ക് ഗസ്സയിലെ കുരുന്നുകൾക്കായും മാറ്റിവെക്കണ്ടേ...?. വേദനിക്കുന്നവരെയും ദുരിതത്തിലായവരെയും ഒപ്പംചേർത്ത് ആഘോഷത്തിന് ഹൃദ്യമാക്കാൻ അവസരം ഒരുക്കുകയാണ് ഖത്തർ ആസ്ഥാനമായ എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ). ഗസ്സയിലെയും സിറിയയിലെയും കുട്ടികൾക്കും മുതിർന്നവർക്കും പെരുന്നാൾ സമ്മാനമെത്തിക്കുന്ന ഇ.എ.എ ‘ഈദ് ഗിഫ്റ്റ്’ കാമ്പയിൻ ഉദ്ഘാടനം ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ നിർവഹിച്ചു.
ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പാക്കുന്നത്. ഗസ്സ, സിറിയ നാടുകളിലെ ജനങ്ങൾക്ക് ഇതുവഴി പുത്തൻ വസ്ത്രങ്ങളും സ്കൂൾ ബാഗുകളും ശേഖരിക്കുകയാണ് ലക്ഷ്യമിടുന്നത്.
മാർച്ച് അഞ്ചിന് ആരംഭിച്ച കാമ്പയിൻ മാർച്ച് 20 വരെ തുടരും. എജുക്കേഷൻ സിറ്റി (മിനാറതൈൻ സെന്റർ, അൽ മുജാദല സെന്റർ, പള്ളി), ഹയാത്ത് പ്ലാസ, അൽഖോർ മാൾ, പ്ലേസ് വെൻഡോം മാൾ, മേയറലിന്റെ മൂന്ന് സ്റ്റോറുകൾ, ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഡി റിങ്, അൽ ഗറാഫ, അൽ മെസ്സില, ബർവ സിറ്റി, അൽ ഖോർ, അബു സിദ്ര, എസ്ദാൻ ഒയാസിസ്, അൽ മെഷാഫ്, അൽ ഹിലാൽ തുടങ്ങിയ ഒമ്പത് ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ ‘ഈദ് സമ്മാനങ്ങൾ’ കാമ്പയിന് പ്രത്യേക കലക്ഷൻ പോയന്റ് ഇ.എ.എ സജ്ജീകരിച്ചിട്ടുണ്ട്.
കാമ്പയിന്റെ ഭാഗമായ റീട്ടെയിൽ കേന്ദ്രങ്ങളിൽ നിന്ന് പുതിയ വസ്ത്രങ്ങളും സ്കൂൾ ബാഗുകളും വാങ്ങി സംഭാവന ചെയ്യാവുന്നതാണ്. സംഭാവന നൽകാൻ സന്നദ്ധമാകുന്നവർക്ക് പണമടക്കുന്ന കൗണ്ടറുകളുമായി ബന്ധപ്പെടാം. സംഭാവനകൾ വർധിപ്പിക്കാനും കൂടുതൽ സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മികച്ച കിഴിവുകളും സ്റ്റോറുകൾ ഓഫർ ചെയ്യുന്നുണ്ട്. ഈദ് ഗിഫ്റ്റ് കാമ്പയിൻ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും, ഗസ്സയിലെയും സിറിയയിലെയും കുട്ടികളുടെ ദുരിതമകറ്റാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്നും ഇ.എ.എ ആക്ടിങ് സി.ഇ.ഒ മുഹമ്മദ് അൽ കുബൈസി പറഞ്ഞു.
ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം സൃഷ്ടിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക്, ഈ കാമ്പയിനിലേക്ക് ഖത്തറിലെ ഉദാരമതികൾ തങ്ങളുടെ സംഭാവനകൾ നൽകുമെന്ന് ഉറപ്പുണ്ടെന്ന് ഖത്തർ റെഡ്ക്രസന്റ് സെക്രട്ടറി ജനറൽ ഫൈസൽ അൽ ഇമാദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.