ലുസൈലിൽ നമസ്കാരം നിർവഹിച്ച് അമീർ
text_fieldsലുസൈലിലെ പ്രാർഥനാ മൈതാനിയിൽ ഈദ് നമസ്കാരത്തിൽ പങ്കെടുത്ത അമീർ ശൈഖ്
തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിലെ പ്രാർഥനാ മൈതാനിയിൽ ഈദ് നമസ്കാരം നിർവഹിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, വിവിധ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ അമീറിനൊപ്പം ലുസൈലിൽ രാവിലെ പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കുചേർന്നു.
അലി ബിൻ അലി പള്ളിയിൽ നിന്നും ഈദ് നമസ്കാരം കഴിഞ്ഞ് പുറത്തേക്ക് വരുന്നവർ
ശൈഖ് ഡോ. യഹ്യ ബാതി അൽ നുഐമി ഈദ് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഒരുമാസക്കാലം വ്രതമെടുത്ത് പ്രാർഥനകളും ആരാധനാ കർമങ്ങളുമായി സജീവമായ വിശ്വാസികൾക്ക് സന്തോഷം നൽകുന്ന വേളയാണ് പെരുന്നാളെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യത്തിന്റെയും സ്നേഹം പങ്കിടലിന്റെയും ദിനമായ ഈദിന് ദൈവത്തോട് കൂടുതൽ നന്ദിയർപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.
വക്റയിൽ നടന്ന ഈദ് നമസ്കാരത്തിൽ നിന്ന് ചിത്രം: ഹാറൂൺ പാലങ്ങാട്
ഗസ്സയിലെ ഫലസ്തീനികൾ അനുഭവിക്കുന്ന നരകസമാനമായ ജീവിതവും ഇമാം ഖുതുബയിൽ ഓർമിപ്പിച്ചു. വീടുകളിൽ നിന്നും പുറത്താക്കപ്പെടുകയും സ്വന്തക്കാരെ നഷ്ടമാവുകയും ചെയ്ത ഫലസ്തീനികളോട് ഐക്യപ്പെടാൻ ആഹ്വാനം ചെയ്തു. ദൈവ വിശ്വാസം ആശ്വാസം നൽകും. ദുരിതത്തിനു ശേഷം തീർച്ചയായും പ്രതീക്ഷയുള്ള നാളെ എത്തുമെന്നും പറഞ്ഞു.
അൽ അറബ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് നമസ്കാര ശേഷം ഖുതുബയുടെ മലയാള പരിഭാഷ നിർവഹിക്കുന്ന പി.പി അബ്ദുറഹീം
പെരുന്നാൾ നമസ്കാര ശേഷം, ലുസൈൽ പാലസിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശകരെ സ്വീകരിച്ച് ഈദ് ആശംസകൾ കൈമാറി. പ്രധാനമന്ത്രി, മന്ത്രിമാർ, ശൂറാ കൗൺസിൽ സ്പീക്കർ, സഹമന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, സേനാ മേധാവികളും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഈദ് ആശംസകൾ കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.