പെരുന്നാൾ: പ്രാർഥന മൈതാനങ്ങളും പാർക്കുകളും ഒരുങ്ങുന്നു
text_fieldsദോഹ: പെരുന്നാളിനായി പ്രാർഥന മൈതാനങ്ങളും പൊതുപാർക്കുകളും തയാറാക്കുന്നതിനുള്ള ഒരുക്കം സജീവമാക്കി രാജ്യത്തെ നഗരസഭകൾ. ആരോഗ്യ നിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ ഭക്ഷ്യ ഔട്ട് ലെറ്റുകളിൽ പരിശോധന കർശനമാക്കാനും നഗരസഭ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ദോഹ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള ഷോപ്പിങ് കോംപ്ലക്സുകളിലും മധുര പലഹാര കേന്ദ്രങ്ങളിലും അറവുശാലകളിലും പരിശോധനക്കായി വെറ്ററിനറി ഡോക്ടർമാരടങ്ങുന്ന പ്രത്യേക പരിശോധക സംഘത്തെ നിയമിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
സെൻട്രൽ മാർക്കറ്റ്, ശീതീകരണകേന്ദ്രങ്ങൾ, ഇൻഡസ്ട്രിയൽ ഏരിയയിലെ സംഭരണശാലകൾ എന്നിവിടങ്ങളിലെ പഴം, പച്ചക്കറികളും പരിശോധനക്ക് വിധേയമാക്കും. പെരുന്നാൾ ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പുകളുടെ ഭാഗമായി റയ്യാൻ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഭക്ഷ്യ ഔട്ട് ലെറ്റുകളിൽ പരിശോധന കടുപ്പിക്കും. പൊതു പാർക്കുകളും ചത്വരങ്ങളും പ്രാർഥന ഗ്രൗണ്ടുകളും റോഡുകളും അധികൃതർ വൃത്തിയാക്കുന്ന പ്രവൃത്തി ഊർജിതമാക്കി.
പെരുന്നാളിന് മുന്നോടിയായി ഭക്ഷ്യ ഔട്ട് ലെറ്റുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും റസ്റ്റാറൻറുകളിലും അറവുശാലകളിലും അധികൃതർ പരിശോധന നടത്തിയിരുന്നു. അൽ സൈലിയയിലെ സെൻട്രൽ മാർക്കറ്റിലെ പച്ചക്കറികളും പഴങ്ങളും പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ഈദ് അവധി ദിവസങ്ങളിൽ പരാതികൾ ലഭിച്ചാലുടൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിൽ 24 മണിക്കൂറും പരിശോധന നടത്താനുള്ള സംവിധാനവും ഒരുക്കി. അതേസമയം, പാർക്കുകളിലെ കായിക സൗകര്യങ്ങൾ, ഉപകരണങ്ങൾ, കളിക്കളങ്ങൾ എന്നിവ വൃത്തിയാക്കാനുള്ള നടപടികൾ പബ്ലിക് പാർക്സ് സെക്ഷന് കീഴിൽ ആരംഭിച്ചു. റയ്യാൻ മുനിസിപ്പാലിറ്റിക്ക് കീഴിലെ എല്ലാ പാർക്കുകളും പുലർച്ചെ അഞ്ച് മുതൽ അർധരാത്രി ഒന്ന് വരെ തുറന്നുകൊടുക്കും.
ശമാൽ മുനിസിപ്പാലിറ്റിക്ക് കീഴിലെ പാർക്കുകൾ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ തുറന്നുനൽകും. സന്ദർശകരെ സ്വീകരിക്കാനുള്ള ഒരുക്കം ആരംഭിച്ചതായി ശമാൽ മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. ഭക്ഷ്യ ഔട്ട് ലെറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും അറവുശാലകളിലും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.