പെരുന്നാളൊരുക്കം
text_fieldsദോഹ: റമദാൻ 30 തികക്കുന്ന ആത്മസംതൃപ്തിയോടെ ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വിശ്വാസിസമൂഹം ഈദിനെ വരവേൽക്കാൻ ഒരുങ്ങുന്നു. തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി കാണാൻ സാധ്യതയില്ലെന്ന് ഖത്തർ കലണ്ടർ ഹൗസ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ആകാശനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഔഖാഫിന്റെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു വിശ്വാസികൾ. ഒടുവിൽ ഇത്തവണ റമദാൻ 30 തികച്ച് ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കാമെന്ന അറിയിപ്പുമായി ഖത്തർ ഔഖാഫും, ഒപ്പം സൗദി ഉൾപ്പെടെ അയൽരാജ്യങ്ങളിൽനിന്നുള്ള പ്രഖ്യാപനവുമെത്തി.
കഴിഞ്ഞ ഒരാഴ്ച മുമ്പുതന്നെ വിപണിയിൽ പെരുന്നാൾ തിരക്കുകൾ സജീവമായിരുന്നു. സൂഖ് വാഖിഫ് ഉൾപ്പെടെ പൈതൃക അങ്ങാടികൾ, ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ മുതൽ ചെറുകിട സൂപ്പർമാർക്കറ്റുകൾ, വസ്ത്രക്കടകൾ തുടങ്ങി എല്ലായിടങ്ങളിലും പെരുന്നാളിന്റെ തിരക്കാണ്. ഈദ് സ്പെഷ്യൽ ഫെസ്റ്റിവലുമായാണ് സ്ഥാപനങ്ങൾ ഷോപ്പിങ് മേളക്ക് തുടക്കം കുറിച്ചത്. സർക്കാർ, അർധ സർക്കാർ മേഖലകളിൽ വ്യാഴാഴ്ച മുതൽ പെരുന്നാൾ അവധി ആരംഭിച്ചതോടെ നാട്ടിലേക്കുള്ള യാത്രയും മറ്റുമായി പ്രവാസികളും തിരക്കിലായി.
5.32ന് നമസ്കാരം
ബുധനാഴ്ച രാവിലെ 5.32നാണ് ഖത്തറിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം ഒരുക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 642 ഇടങ്ങളിലാണ് നമസ്കാര സൗകര്യങ്ങൾ. ഈദ്ഗാഹ് വേദികൾ ഇതിനകംതന്നെ സജ്ജമായി തുടങ്ങി. ഔഖാഫ് വെബ്സൈറ്റിൽ രാജ്യത്തെ പെരുന്നാൾ നമസ്കാര സ്ഥലങ്ങൾ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാൾ നമസ്കാര സ്ഥലങ്ങളിലേക്ക് നേരത്തെ തന്നെ പുറപ്പെടണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പെരുന്നാൾ നമസ്കാരം
ദോഹ: മുൻവർഷത്തെ പോലെ ഇത്തവണയും ലോകകപ്പ് ഫുട്ബാൾ വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയം പെരുന്നാൾ നമസ്കാരത്തിന് വേദിയൊരുക്കുമെന്ന് മിനാരതൈൻ സെന്റർ അറിയിച്ചു. രാവിലെ 5.32നാണ് നമസ്കാരം. നമസ്കാര ശേഷം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിവരെ ഇവ തുടരും. ഗേറ്റ് 6, 6, 13, 17, 24, 28, 35, 39 എന്നിവ വഴി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. എജുക്കേഷൻ സിറ്റി പള്ളിയിൽ പെരുന്നാൾ നമസ്കാരമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.