പെരുന്നാൾ തിരക്ക്; യാത്രക്കാർക്ക് നിർദേശവുമായി ഹമദ് വിമാനത്താവളം
text_fieldsദോഹ: പെരുന്നാൾ അവധി ആരംഭിക്കാനിരിക്കെ യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. സുഗമ യാത്ര ഉറപ്പാക്കാൻ പുറപ്പെടൽ സമയത്തിന് മൂന്ന് മണിക്കൂർ മുമ്പായി യാത്രക്കാർ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. രാജ്യത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണെന്നും അറിയിച്ചു. വിമാനത്താവളത്തിൽ സെൽഫ് സർവിസ് ചെക്ക് ഇൻ, ബാഗ് ഡ്രോപ് സൗകര്യങ്ങളും ലഭ്യമാണ്. ഇവ യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാനും ബോർഡിങ് പാസുകൾ പ്രിന്‍റ് ചെയ്യാനും ബാഗ് ടാഗ് ചെയ്യാനും ഉപയോഗിക്കാം. സുരക്ഷയും സൗകര്യവും പരിഗണിച്ച് ആഗമന-പുറപ്പെടൽ ടെർമിനലുകളിലേക്ക് യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനം. ഷോർട് ടേം കാർ പാർക്കിങ് സൗകര്യം യാത്രക്കാരെ എടുക്കുന്നതിനും ഇറക്കുന്നതിനും മാത്രമായി ഉപയോഗിക്കുക. റോഡരികിലെ പാർക്കിങ് ഒഴിവാക്കണം.
ഏപ്രിൽ 27 മുതൽ മേയ് രണ്ടു വരെ ആദ്യ ഒരു മണിക്കൂറിൽ ഇവിടെ പാർക്കിങ് സൗജന്യമാവും. മേയ് അഞ്ചു മുതൽ 10 വരെ 5-7 മണി, വൈകീട്ട് അഞ്ചു മുതൽ ഏഴു വരെ, രാത്രി 11 മുതൽ പുലർച്ച മൂന്നുവരെ എന്നീ സമയങ്ങളിൽ സൗജന്യമായിരിക്കും. അതേസമയം, അധിക നേരത്തേക്കുള്ള കാർപാർക്കിങ് അനുവദിക്കില്ല. യാത്രാവേളയിൽ സമ്മർദവും ആശങ്കയും ഒഴിവാക്കുന്നതിന് യാത്രചെയ്യുന്ന രാജ്യത്തെ ആവശ്യകതകളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും, പുറപ്പെടൽ സമയത്തിന് ഒരു മണിക്കൂർ മുമ്പായി ചെക്ക് ഇൻ അവസാനിപ്പിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് എല്ലാ വിവരങ്ങളും നിർദേശങ്ങളും ലഭ്യമാവുന്ന എച്ച്.ഐ.എ ഖത്തർ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഫ്ലൈറ്റ് സ്റ്റാറ്റസ്, ബാഗേജ് ക്ലെയിം, ബോർഡിങ് ഗേറ്റ് നിർദേശങ്ങൾ, ഡ്യൂട്ടി ഫ്രീ ഓഫറുകൾ തുടങ്ങി എല്ലാ വിശദാംശങ്ങളും ആപ്പിൽ ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.