സൂഖിലും മാളിലും തിരക്ക്
text_fieldsദോഹ: റമദാൻ നോമ്പ് 27ൽ എത്തിയതിനു പിന്നാലെ പെരുന്നാളിനെ വരവേൽക്കാനുള്ള തകൃതിയായ ഒരുക്കത്തിൽ വിശ്വാസി സമൂഹം. പുതുവസ്ത്രങ്ങളെടുക്കാനും പുതിയ വീട്ടുപകരണങ്ങൾ വാങ്ങിക്കൂട്ടാനുമായി സൂഖ് വാഖിഫ് മുതൽ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.
റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ പെരുന്നാൾ വിപണികൾ ഉണർന്നിരുന്നു. നോമ്പുതുറക്കു പിന്നാലെ സജീവമാകുന്ന സൂഖും മറ്റു വിപണികളും അർധരാത്രി പിന്നിട്ട് നേരം പുലരുംവരെ കച്ചവടത്തിരക്കിലമർന്നു. അറബ് കുടുംബങ്ങൾ പ്രധാനമായും സൂഖ് വാഖിഫും വക്റയും ഉൾപ്പെടെ പരമ്പരാഗത വിപണികളിലെത്തിയാണ് തങ്ങളുടെ പെരുന്നാൾ വസ്ത്രങ്ങൾ സ്വന്തമാക്കുന്നത്. കന്തൂറയും തലപ്പാവും ഇഗാലും മുതൽ പരമ്പരാഗത വസ്ത്രങ്ങൾക്കാണ് പെരുന്നാൾ സമയങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് സൂഖ് വാഖിഫിലെ വ്യാപാരിയായ കണ്ണൂർ സ്വദേശി അബ്ദുൽ സലാം പറയുന്നു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ രാത്രിയിലാണ് സ്വദേശികളുടെ പ്രധാന ഷോപ്പിങ് എന്ന് ദീർഘകാലമായി ഇവിടെ വ്യാപാരിയായ ഇദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ, അയൽ രാജ്യങ്ങളിൽ നിന്നുള്ള അറബികളും സൂഖിനെ ഷോപ്പിങ്ങിനായി ആശ്രയിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ പ്രവാസികളുടെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങൾ ഹൈപ്പർമാർക്കറ്റുകളും മാളുകളുമാണ്. ഇതിനു പുറമെ, വിലക്കുറവ് തേടി സൂഖിനോട് ചേർന്നുള്ള കടകളിലും ധാരാളം പേർ എത്താറുണ്ട്.
അവസാന പത്തിലെ രാത്രികളിലും പകൽ സമയങ്ങളിലുമായി വസ്ത്രവിപണി സജീവമാണെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനു പുറമെയാണ് ഗൃഹോപകരണ വിൽപനയുടെ തിരക്കുകൾ.
റമദാൻ, പെരുന്നാൾ എന്നിവയോടനുബന്ധിച്ച് വീട്ടുപകരണങ്ങളും ഫർണിച്ചറും മാറ്റുക, പുതിയ താമസം മാറുക എന്നിവ വ്യാപകമായതിനാൽ ഈ വിപണിയിലും ഇപ്പോൾ കച്ചവടം തകൃതിയാണ്. ബാച്ചിലർമാർ ഉൾപ്പെടെയുള്ള പ്രവാസികൾ വരുംദിനങ്ങളിലാവും കൂടുതലായും ഷോപ്പിങ്ങിനായി ഇറങ്ങിപ്പുറപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.