സത്യത്തിലാരും തിരിച്ചറിയാത്തപെരുന്നാൾ മൊഞ്ചുകാർ
text_fieldsപെരുന്നാൾ തിരക്കിന്റെ പ്രധാന കേന്ദ്രമാണ് ബാർബർ ഷോപ്പുകൾ. നടുവൊടിയുന്ന നിൽപുമായി പെരുന്നാളിനെ മൊഞ്ചാക്കുന്നവരുടെ പെരുന്നാൾ വിശേഷങ്ങൾ.
ദോഹ: പെരുന്നാളുകളെത്തിയാൽ ഇരിപ്പുറക്കാത്തവരായി മാറുന്നവരാണ് ബാർബർഷോപ്പുകളിലെ ജീവനക്കാർ. ചെറിയ പെരുന്നാളിനും ബലിപെരുന്നാളിലും നാട്ടിൽ കാണുന്ന ഈ തിരക്കിന് പ്രവാസത്തിലും മാറ്റമൊന്നുമില്ല. ഇവിടെ മലയാളി മാത്രമല്ല, സ്വദേശികളും മറ്റു ദേശക്കാരുമെല്ലാമായി നോമ്പിന്റെ അവസാന ദിവസങ്ങളിൽ പകലന്തിയോളം കാത്തിരിക്കുന്നതും മുടിവെട്ടുകടകൾക്കു മുന്നിൽതന്നെ. നിന്നുനിന്ന് നടുവൊടിയുന്ന തിരക്കിനിടയിലെ മുടിവെട്ടുകാരുടെ പെരുന്നാളിനെ കുറിച്ച് ആലോചിക്കാറുണ്ടോ. നോമ്പ് അവസാന പത്തിലെ ഏതാനും ദിവസങ്ങൾ പിന്നിട്ടാൽ, ഉറങ്ങി തെളിയും മുമ്പ് രാവിലെ തന്നെ കടയുടെ വാതിലുകൾ തുറക്കും. പിന്നെ കത്രികയും ട്രിമ്മറും പിടിച്ച്, മുന്നിലെത്തുന്ന തലകളിൽ മാറിമാറി പണിയാണ്. ചില്ലറ മണിക്കൂറുകളല്ല, അടുത്ത ദിനം പുലരുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പുവരെ ഈ അഭ്യാസം തുടരും -ദോഹ നജ്മയിലെ ജദ്വ ബ്യൂട്ടി സലൂണിലെ രാമനാട്ടുകര സ്വദേശിയായ ഹിഷാമിന്റെയും സഹപ്രവർത്തകരുടെയും പെരുന്നാളിനോടനുബന്ധിച്ച് ദിനങ്ങൾ ഇങ്ങനെയാണ്.
പെരുന്നാളിന് നാലഞ്ചു ദിനം മുമ്പേ തിരക്ക് തുടങ്ങും. രാവിലെ 8.30ന് കടതുറക്കുമ്പോഴേക്കും കസേരയിലിരിക്കാൻ ആളുകളും എത്തിത്തുടങ്ങും. പെരുന്നാളിലേക്കടുക്കുമ്പോൾ തിരക്ക് പിന്നെയും കൂടും. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി രാവിലെ മുതലുള്ള പണി പുലർച്ചെ മൂന്നും കഴിഞ്ഞേ അവസാനിക്കാറുള്ളൂ -പെരുന്നാളിനോടുബന്ധിച്ച ജോലിയെ കുറിച്ച് ഹിഷാമും സഹപ്രവർത്തകൻ കൊടുവള്ളിക്കാരൻ ഷാനിയും പറയുന്നത് ഇങ്ങനെയാണ്. 17ഉം 18ഉം മണിക്കൂറാണ് ഒരേ നിൽപ്. ഇതിനിടയിൽ ഒന്നിനു പിന്നാലെ ഒന്നായി കയറിയെത്തുന്ന ആവശ്യക്കാരെ മുഷിപ്പിക്കാതെ എല്ലാവരെയും സുന്ദരന്മാരാക്കി പെരുന്നാളോഘോഷത്തിന് ഒരുക്കണം. ഓരോരുത്തരുടെയും ഇഷ്ടങ്ങളിൽ പിഴക്കാനും പാടില്ല. കത്രികയും ട്രിമ്മറും ചീപ്പുമായി പകലന്തിയോളം നടക്കുന്ന പയറ്റിനിടയിൽ തന്നെ വേണം നോമ്പു തുറയും മറ്റു കർമങ്ങളും പൂർത്തിയാക്കാൻ. ഒടുവിൽ പെരുന്നാൾ രാവിന് കൊട്ടിക്കലാശമെന്നപോലെ പൂരത്തിരക്കായിമാറും. മനുഷ്യനെന്നത് യന്ത്രമായി മാറുന്ന ദിവസങ്ങൾ. ഒടുവിൽ, പെരുന്നാൾ നമസ്കാരം ആരംഭിക്കാൻ അര മണിക്കൂറോ ഒരു മണിക്കൂറോ മാത്രം സമയം ബാക്കിനിൽക്കെ കടയടച്ച് ഒരോട്ടം...
സമീപത്തെ പള്ളികളിൽ അവസാന നിരയിൽ ഇടം പിടിച്ച് നമസ്കാരവും നിർവഹിച്ച് വിശ്രമപ്പെരുന്നാളിലേക്ക്... ഇതാണ് നാട്ടിലും മറുനാട്ടിലുമെല്ലാം ബാർബർഷോപ് ജീവനക്കാരുടെ പെരുന്നാൾ. മണിക്കൂറുകളോളമുള്ള നിൽപിന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചായിരുന്നു നാട്ടിലും വിവിധ ഗൾഫ് രാജ്യങ്ങളിലുമായി വർഷങ്ങളായി ജോലി ചെയ്യുന്ന ജംഷീർ വിളയിലിന്റെ വാക്കുകൾ. ദൈർഘ്യമേറിയ നിൽപ് കാരണം വെരിക്കോസ് വെയിൻ, നടുവേദന ഉൾപ്പെടെ രോഗങ്ങളായും മാറും. ഇതിനിടയിലും, പെരുന്നാളിന് ഒരുങ്ങാൻ വരുന്നവരെ സുന്ദരന്മാരാക്കി, ഈ തിരക്കിനെ തങ്ങളുടെ പെരുന്നാളാക്കി മാറ്റുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.