ആഘോഷപ്പെരുന്നാൾ; പ്രാർഥനയിൽ ഗസ്സ
text_fieldsദോഹ: ഇസ്രായേൽ അധിനിവേശ സേനയുടെ വംശീയ ഉന്മൂലനത്തിനിരയാവുന്ന ഫലസ്തീനികൾക്കുവേണ്ടിയുള്ള പ്രാർഥനകളും രക്തസാക്ഷ്യം വഹിച്ചവരുടെ ഓർമകളുമായി ഖത്തറിൽ സ്വദേശികളുടെയും പ്രവാസികളുടെയും പെരുന്നാൾ ആഘോഷം. ബുധനാഴ്ച അതിരാവിലെ ഈദ് ഗാഹുകളിലും പള്ളികളിലുമായി നടന്ന പെരുന്നാൾ നമസ്കാരങ്ങൾക്കുശേഷം നടന്ന പ്രഭാഷണങ്ങളിൽ എല്ലായിടങ്ങളിലും ഇമാമുമാർ ഫലസ്തീനികളുടെ സഹനവും ജീവിതവും ഉദ്ബോധിപ്പിച്ചു. അവർക്കുവേണ്ടി പ്രാർഥനകളും നടന്നു.
രാവിലെ 5.32നായിരുന്നു പെരുന്നാൾ നമസ്കാരം. പുതുവസ്ത്ര മണിഞ്ഞും സുഗന്ധം പൂശിയും സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ വിശ്വാസി സമൂഹം നേരത്തെ തന്നെ പള്ളികളിലേക്കും പ്രാർഥനാമൈതാനങ്ങളിലേക്കുമൊഴുകി. 642 ഇടങ്ങളിലാണ് പെരുന്നാൾ നമസ്കാരം സജ്ജീകരിച്ചത്. തക്ബീർ ധ്വനികളാൽ മുഖരിതമായ പ്രഭാതത്തിൽ വെയിൽ കടുക്കും മുമ്പേ നമസ്കാരവും ഖുതുബയും അവസാനിപ്പിച്ചു. പരസ്പരം ആശ്ലേഷിച്ച് ഈദ് സന്ദേശം കൈമാറിയും പെരുന്നാൾ സന്തോഷകരമാക്കി. ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആയിരങ്ങൾ ഈദ് നമസ്കാരത്തിൽ പങ്കുചേർന്നു. ഇമാം മുഹമ്മദ് ബിൻ അബ്ദുൽവഹാബ് പള്ളിയിൽ (ഗ്രാൻഡ് മസ്ജിദ്) 20,000ത്തിലേറെ വിശ്വാസികൾ നമസ്കാരം നിർവഹിച്ചതായി ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫ് അറിയിച്ചു.
മിനാരതൈയ്നു കീഴിൽ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിലും 30,000ത്തോളം പേർ പങ്കെടുത്തു. മിശൈരിബ് ഡൗൺടൗൺ, അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയം, അൽ വുകൈർ ഗ്രാൻഡ് മസ്ജിദ്, അൽ വക്റ ഈദ്ഗാഹ് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നടന്ന പെരുന്നാൾ നമസ്കാരങ്ങൾ ജനബാഹുല്യത്താൽ ശ്രദ്ധേയമായി. ചിലയിടങ്ങളിൽ പെരുന്നാൾ ഖുതുബയുടെ മലയാള വിവർത്തനവും ഒരുക്കിയിരുന്നു. സി.ഐ.സി നേതൃത്വത്തിൽ അൽ വക്റ ഈദ് ഗാഹ് (ഡോ. അബ്ദുൽ വാസിഅ്), നുഐജ അലി ബിൻ അലി മസ്ജിദ് (പി.പിഴ അബ്ദുറഹീം ), ഗാനിം അലി അബ്ദുല്ല ഖാസിം ആൽഥാനി മസ്ജിദ്, മൻസൂറ അൽ മീറ (ജമീൽ ഫലാഹി), ജാമിഅ് സുറാഖ ബിൻ മാലിക്, മീദന ഖലീഫ (പി.പി. മുജീബുർറഹ്മാൻ), ജാമിഅ് ഖലീഫ അബ്ദുല്ല മുഹമ്മദ് അൽ അതിയ്യ, അൽ സദ്ദ് (യൂസുഫ് പുലാപറ്റ), അൽ ഖോർ ഈദ് ഗാഹ് (ജംഷീദ് ഇബ്രാഹിം) എന്നിവർ പരിഭാഷ നിർവഹിച്ചു. മലയാളി കമ്യൂണിറ്റികൾക്കു പുറമെ, വിവിധ രാജ്യക്കാരായ താമസക്കാർക്കായും ഇത്തവണ ഈദുഗാഹുകളും പള്ളികളിലെ പെരുന്നാൾ നമസ്കാരവുമുണ്ടായിരുന്നു.
അമീർ ലുസൈലിൽ ഈദ് നമസ്കരിച്ചു
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിലെ പ്രാർഥാന മൈതാനിയിൽ ഈദ് നമസ്കാരം നിർവഹിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, വിവിധ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ അമീറിനൊപ്പം ലുസൈലിൽ രാവിലെ പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കുചേർന്നു.
സുപ്രീം ജുഡീഷ്യറി കൗൺസിൽ ജഡ്ജ് ശൈഖ് ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിന് നേതൃത്വം നൽകി. വ്രതവിശുദ്ധിയുടെയും പെരുന്നാൾ ആഘോഷത്തിന്റെയും തുടർച്ചയായി ദൈവിക നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതം ചിട്ടപ്പെടുത്തുന്നതിന്റെ പ്രസക്തി അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഫലസ്തീനികളുടെ സഹനവും ഗസ്സയിലെ മനുഷ്യത്വരഹിത ആക്രമണങ്ങളും ഓർമപ്പെടുത്തിയായിരുന്നു അദ്ദേഹം ഈദ് പ്രഭാഷണം അവസാനിപ്പിച്ചത്.
‘അധിനിവേശസേനയുടെ ആക്രമണങ്ങളിൽ രക്തസാക്ഷ്യം വഹിക്കുന്ന ഫലസ്തീനികളുടെ ഓർമയിലായിരിക്കണം ഓരോ വിശ്വാസിയുടെയും ഈദ് ആഘോഷം. അവർക്കുവേണ്ടി പ്രാർഥനാ പൂർണമായിരിക്കണം ഈ ഈദ് ആഘോഷമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പെരുന്നാൾ നമസ്കാരശേഷം, ലുസൈൽ പാലസിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശകരെ സ്വീകരിച്ച് ഈദ് ആശംസകൾ കൈമാറി. പ്രധാനമന്ത്രി, മന്ത്രിമാർ, ശൂറാ കൗൺസിൽ സ്പീക്കർ, സഹമന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, സേനാ മേധാവികളും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഈദ് ആശംസകൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.