സ്ഥാനാർഥികളായി; ഖത്തറിൽ ഇനി തെരഞ്ഞെടുപ്പ് ചൂട്
text_fieldsദോഹ: അന്തരീക്ഷത്തിന്റെ ചൂടിനൊപ്പം ഖത്തറിന് ഇനി വോട്ടെടുപ്പിന്റെയും ചൂട്. സ്ഥാനാർഥി നിർണയവും വോട്ടർപട്ടികയുമായതിനു പിന്നാലെ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സി.എം.സി) തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഞായറാഴ്ച മുതൽ തുടക്കമായി. 29 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നാലു വനിതകൾ ഉൾപ്പെടെ 110 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്.
11 സ്ഥാനാർഥികളുള്ള 11ാം നമ്പർ അബൂഹമൂർ മണ്ഡലത്തിലാണ് കൂടുതൽ പേർ മത്സരിക്കുന്നത്. 27ാം നമ്പർ മണ്ഡലമായ കഅബാനിൽ ഒരു സ്ഥാനാർഥി മാത്രമാണ് നാമനിർദേശം നൽകിയത്. എതിരില്ലാതെ തന്നെ ഇയാൾ തെരഞ്ഞെടുക്കപ്പെടും. 29 മണ്ഡലങ്ങളിലായി ഈ മാസം 22നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പ്. പ്രചാരണം തെരഞ്ഞെടുപ്പിന്റെ തലേദിവസം സമാപിക്കും.
പത്രിക സമര്‍പ്പിച്ച സ്ഥാനാർഥികളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതികളും എതിര്‍പ്പുകളും സമര്‍പ്പിക്കാനുള്ള സമയപരിധി അടുത്തിടെയാണ് അവസാനിച്ചത്. അതിന്റെ തുടർച്ചയായാണ് ഞായറാഴ്ച അന്തിമ പട്ടിക പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ സ്ഥാനാർഥികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ലൈസന്‍സ് നിര്‍ബന്ധമാണ്. പ്രചാരണ നടപടികൾക്കുള്ള ലൈസൻസിന് അപേക്ഷ ഇപ്പോൾ നൽകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാർഥികളും അണികളും പാലിക്കേണ്ട കര്‍ശന വ്യവസ്ഥകളുണ്ട്. കമ്യൂണിറ്റിയുടെ സാമൂഹിക, മതമൂല്യങ്ങള്‍ക്ക് വിരുദ്ധമായ തരത്തിലുള്ള മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ ചിത്രങ്ങളോ വാചകങ്ങളോ പ്രചാരണത്തിനായി ഉപയോഗിക്കാനോ ഗോത്രപരമോ വിഭാഗീയമോ ആയ പ്രവണതകളെ പ്രോത്സാഹിപ്പിക്കാനും പാടില്ല, പൊതു ധാര്‍മികതയും പാരമ്പര്യവും അനുസരിച്ചു വേണം പ്രചാരണം നടത്താന്‍, തെരഞ്ഞെടുപ്പ് യോഗങ്ങള്‍, പരസ്യങ്ങള്‍, ബുള്ളറ്റിനുകള്‍ എന്നിങ്ങനെ യാതൊന്നിലും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ പാലിച്ചായിരിക്കും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എതിർ സ്ഥാനാർഥികളെ അപമാനിച്ചോ മോശക്കാരായി ചിത്രീകരിച്ചോ പ്രചാരണം നടത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.