അമീർ യു.എസിൽ; ബൈഡനുമായി കൂടിക്കാഴ്ച
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ചരിത്രപ്രധാനമായ അമേരിക്കൻ സന്ദർശനത്തിന് ഞായറാഴ്ച തുടക്കമായി.
ജോ ബൈഡൻ പ്രസിഡന്‍റായി അധികാരമേറ്റ ശേഷം വൈറ്റ് ഹൗസിലേക്കുള്ള അമീറിന്‍റെ ആദ്യ ഔദ്യോഗിക സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഖത്തറും മേഖലയിലെ രാജ്യങ്ങളും ഉറ്റുനോക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് അമീറിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വാഷിങ്ടണിലേക്ക് പറന്നത്. ഞായറാഴ്ച രാവിലെ ആൻഡ്ര്യൂസ് എയർഫോഴ്സ് ബേസിൽ യു.എസ് പ്രോട്ടോകോൾ ചീഫ് റുഫുസ് ജിഫോഡ്, അമേരിക്കയിലെ ഖത്തർ അംബാസഡർ ശൈഖ് മിഷാൽ ബിൻ ഹമദ് ആൽഥാനി എന്നിവരുടെ നേതൃത്വത്തിൽ ഉന്നതസംഘം സ്വീകരിച്ചു. അഫ്ഗാനിൽനിന്നുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റവും ഖത്തറിന്‍റെ നേതൃത്വത്തിലുള്ള ജീവൻരക്ഷാ ദൗത്യങ്ങളും മേഖലയിലെയും രാജ്യാന്തര തലത്തിലെയും ഖത്തറിറെ നയതന്ത്ര ഇടപെടലുകൾ റഷ്യ-യുക്രെയ്ൻ പ്രതിസന്ധിക്കു പിന്നാലെ യൂറോപ്പിലെ ഇന്ധന പ്രതിസന്ധി തുടങ്ങിയ രാജ്യാന്തര പ്രാധാന്യമുള്ള വിഷയങ്ങൾക്കിടെയാണ് അമീറും അമേരിക്കൻ പ്രസിഡന്‍റും തമ്മിലെ കൂടിക്കാഴ്ച.
അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തിന് ശേഷമുള്ള സംഭവവികാസങ്ങളും ഖത്തറിന്‍റെ നേതൃത്വത്തിൽ നടത്തിയ ഒഴിപ്പിക്കലും ജീവൻരക്ഷാ ദൗത്യങ്ങളും അഫ്ഗാന്റെ നിലവിലെ സ്ഥിതിഗതികളുമെല്ലാം ചർച്ചയാവുമെന്ന് 'അൽജസീറ' റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ നവംബറിൽ ഖത്തറിനെ അഫ്ഗാനിലെ നയതന്ത്ര പ്രതിനിധിയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം വ്യാപാര- വാണിജ്യ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കാനിടയുണ്ട്.
യൂറോപ്യന്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസുമായുള്ള ഖത്തര്‍ എയര്‍വേസിന്‍റെ തര്‍ക്കം രൂക്ഷമാവുകയും 600 കോടി ഡോളറിന്‍റെ ഇടപാട് എയർബസ് ഏകപക്ഷീയമായി റദ്ദാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമീറിന്‍റെ അമേരിക്കൻ സന്ദർശനം.
യുക്രെയ്ൻ-റഷ്യ സംഘർഷസാധ്യത വീണ്ടും ഉടലെടുത്തതോടെ യൂറോപ്പിലെ ഊർജ പ്രതിസന്ധി വീണ്ടും സജീവമായിരിക്കുകയാണ്.
അതേസമയം, ലോകത്തെതന്നെ ഏറ്റവും സമ്പന്നമായ പ്രകൃതിവാതക ഉൽപാദകർ എന്ന നിലയിൽ ഖത്തർ വഴി പരിഹാര സാധ്യതയും തേടുന്നുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഖത്തർ വിദേശകാര്യമന്ത്രിയുമായി ഇതുസംബന്ധിച്ച് ടെലിഫോൺ സംഭാഷണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഊർജപ്രതിസന്ധി പരിഹരിക്കാൻ ഖത്തറിൽ ഇടപെടൽ സാധ്യത ചർച്ചയാവുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകിയെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്നെ ആക്രമിച്ചാൽ റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തുമെന്ന ഭീഷണിൽ, യൂറോപ്പിലെ വാതകക്ഷാമം രൂക്ഷമാക്കിയേക്കും. അതിന് ബദൽ ഒരുക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യൻ യൂനിയനും അമേരിക്കയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.