അമീറിന്റെ യൂറോപ്യൻ സന്ദർശനം പൂർത്തിയായി
text_fieldsദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മൂന്നു ദിവസത്തെ ഇറ്റലി, ജർമൻ സന്ദർശനം പൂർത്തിയായി. ചൊവ്വാഴ്ച ബെർലിനിലെത്തിയ അമീറിനും സംഘത്തിനും ഹൃദ്യമായ വരവേൽപാണ് ജർമനിയിൽ ഒരുക്കിയത്.
സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രത്തലവന്മാരും മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടന്നു. ജർമൻ ചാൻസലർ ഒലഫ് ഷോൾസ്, പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ എന്നിവരുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ബ്രാൻഡൻബർഗിലെ മെസ്ബർഗ് പാലസിൽ ചാൻസലറുമായി നടന്ന കൂടിക്കാഴ്ചയിൽ ഗസ്സ, ലബനാൻ പ്രദേശങ്ങളിൽ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ആക്രമണങ്ങൾ പ്രധാന ചർച്ചയായി.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനും യുദ്ധം പടരുന്നത് തടയാനും ഇരു രാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ചയിൽ ആവശ്യമുന്നയിച്ചു. പ്രസിഡന്റുമായുള്ള ചർച്ചയിലും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ചർച്ച ചെയ്തു. വിവിധമേഖലകളിൽ ഖത്തറും ജർമനിയും തമ്മിലെ സഹകരണവും വിഷയമായി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, സ്റ്റേറ്റ് സെക്യൂരിറ്റി മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഊർജസഹ മന്ത്രി സഅദ് ബിൻ ഷെരിദ അൽ കഅബി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി എന്നിവരും അമീറിനൊപ്പം സന്ദർശനത്തിലും കൂടിക്കാഴ്ചകളിലും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.